കലക്കവെള്ളത്തില്‍ കുളിച്ച് കൗണ്‍സിലര്‍മാര്‍, മേയറുടെ വാഹനം തടഞ്ഞു; തൃശൂരില്‍ പ്രതിഷേധം- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 05:00 PM |
Last Updated: 05th April 2022 06:47 PM | A+A A- |

തൃശൂര്‍ കോര്‍പ്പറേഷനില്‍ കലക്കവെള്ളത്തില്‍ കുളിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
തൃശൂര്‍: കുടിവെള്ള പൈപ്പുകളിലൂടെ ലഭിക്കുന്നത് കലക്കവെള്ളമാണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫിസില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്കവെള്ളത്തില്‍ കുളിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതീകാത്മക സമരം നടത്തിയപ്പോള്‍ മേയറുടെ കോലത്തില്‍ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ എത്തിയത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കുടിവെള്ള പൈപ്പുകളിലൂടെ കലക്കവെള്ളം ലഭിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ മേയറുടെ ഓഫീസിനു താഴേ കലക്കവെള്ളത്തില്‍ കുളിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അമൃത് കുടിവെള്ളപദ്ധതി അട്ടിമറിച്ച് വിഷപദ്ധതിയാക്കിയെന്ന് ബിജെപി ആരോപിച്ചു.
ഉച്ചയ്ക്ക് ശേഷം സമര പരിപാടിയുമായാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിന് എത്തിയത്. കൗണ്‍സിലില്‍ ബഹളം തുടങ്ങിയോടെ കൗണ്‍സില്‍ ഹാള്‍ വിട്ട് ചേംബറിലെത്തിയ മേയറെ പിന്തുടര്‍ന്ന് എത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിടെയും പ്രതിഷേധം തുടര്‍ന്നു.
സ്ഥലത്തുനിന്നു പോകൊനൊരുങ്ങിയ മേയറുടെ കാറിനു മുന്‍പില്‍ പ്രതിഷേധം തുടരവെ വനിതാ കൗണ്‍സിലര്‍മാരുടെ കാലില്‍ വാഹനം കയറിയതായി പരാതി ഉണ്ട്. മേയറുടെ നിര്‍ദേശപ്രകാരമാണ് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തത് എന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കാര്‍ ബലമായി തടഞ്ഞിട്ടപ്പോള്‍ ഇതു വകവയ്ക്കാതെ വാഹനം മുന്നോട്ടൊടുക്കാന്‍ മേയര്‍ നിര്‍ദേശിച്ചതായി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കൗണ്‍സിലര്‍മാരെ വാഹനം കൊണ്ടാണ് തള്ളി നീക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറിനു മുന്‍പില്‍ കുത്തിയിപ്പു സമരം തുടരുകയാണ്.
തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കേന്ദ്ര ഗവണ്‍മെന്റ് അമൃത് പദ്ധതി പ്രകാരം നല്‍കിയ 297 കോടിയില്‍ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രമാണ് ചെലവാക്കിയത്. എന്നിട്ടും നഗരപരിധിയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് ചെളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണെന്ന് രാവിലെ ബിജെപിയുടെ സമര പരിപാടി ഉദ്ഘാടനം ചെയ്ത വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ ആരോപിച്ചു.
അയ്യന്തോള്‍ കൂര്‍ക്കഞ്ചേരി കിഴക്കുംപാട്ടുകര മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച കുടിവെള്ളവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതു തലവഴി ഒഴിച്ച് കൗണ്‍സിലര്‍ എന്‍.പ്രസാദും, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരിയും സമരപരിപാടി പൂര്‍ത്തിയാക്കി. കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ