ഗുരുവായൂരില്‍ മേയ് ഒന്നുമുതല്‍ അഷ്ടപദി സംഗീതോത്സവം; ഏപ്രില്‍ 16 വരെ അപേക്ഷിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 06:54 PM  |  

Last Updated: 06th April 2022 06:54 PM  |   A+A-   |  

GURUVAYOOR temple

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  ചെമ്പൈ സംഗീതോത്സവ മാതൃകയില്‍ അഷ്ടപദി സംഗീതോത്സവം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനം. അഷ്ടപദിയില്‍ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം നല്‍കും. അഷ്ടപദി സംഗീതോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കണ്‍വീനറായി നിയോഗിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്. മേയ് ഒന്നിന് രാവിലെ 7 മുതല്‍ സംഗീതോത്സവം ആരംഭിക്കും.

പ്രാചീന ക്ഷേത്ര കലാരൂപമായ അഷ്ടപദിയെ പ്രോല്‍സാഹിപ്പിക്കാനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ഇതാദ്യമായി അഷ്ടപദി സംഗീതോത്സവം നടത്താന്‍ ദേവസ്വം തീരുമാനിച്ചത്. വൈശാഖ മാസാരംഭമായ മേയ് ഒന്നിനാണ് അഷ്ടപദി സംഗീതോത്സവം. ഏപ്രില്‍ 30ന് ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോല്‍സവം തുടങ്ങുക. 

അന്നു വൈകുന്നേരം അഷ്ടപദിയില്‍ മികവ് തെളിയിച്ച കലാകാരന് ശ്രീ ഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. മേയ് ഒന്നിന് രാവിലെ 7 മുതല്‍ സംഗീതോല്‍സവം ആരംഭിക്കും.

പത്തു വയസ്സിനു മേല്‍ പ്രായമുള്ള അഷ്ടപദി ഗായകര്‍ക്ക് സംഗീതോത്സവത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 16 ആണ് അഷ്ടപദി സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി.

അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം .കൂടാതെ അഷ്ടപദിയിലെ അറിവും പ്രാഗല്‍ഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥന്റെ സാക്ഷ്യപത്രവും കരുതണം .അഷ്ടപദി സംഗീതോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍ P0, തൃശൂര്‍  680101 എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ സമര്‍പ്പിക്കാം. അപേക്ഷ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ' അഷ്ടപദി സംഗീതോത്സവം 2022 ല്‍ പങ്കെടുക്കാനുള്ള അപേക്ഷ എന്നു ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കാം

ചികിത്സയിലുള്ളവര്‍ 2500ല്‍ താഴെ; സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ