വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധം; ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 10:21 AM  |  

Last Updated: 06th April 2022 10:21 AM  |   A+A-   |  

permission to abortion highcourt

ഫയല്‍ ചിത്രം

 

കൊച്ചി: സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് വ്യക്തമായാൽ മാത്രമേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് ഹൈക്കോടതി. ശാരീരികബന്ധത്തിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ മാത്രം ഈ കേസ് ചുമത്താനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി സ്വദേശി രാമചന്ദ്രൻ (ചന്ദ്രൻ 35) നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. ജീവപര്യന്തം തടവ് റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. 10 വർഷത്തോളം പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. രാമചന്ദ്രൻ ബന്ധുവായ യുവതിയെ വിവാഹവാ​ഗ്ദാനം നൽകി 2014 ഏപ്രിലിൽ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനുശേഷം യുവതിയെ തിരികെ വീട്ടിലെത്തിച്ച പ്രതി മൂന്ന് ദിവസത്തിനുശേഷം മറ്റൊരാളെ വിവാഹം ചെയ്തു.  

ബലപ്രയോഗത്തിലൂടെയായിരുന്നു ശാരീരികബന്ധം എന്ന പരാതി യുവതി ഉന്നയിച്ചിരുന്നില്ല. ശരിയായ വിവരങ്ങൾ മറച്ചുവെച്ചായിരുന്നു യുവതിയുടെ അനുമതിനേടിയത് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.ശാരീരികബന്ധം ഉണ്ടായതിനുപിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരികബന്ധം എന്ന നിഗമനത്തിൽ എത്താനാകില്ല.

വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമായതായും കോടതി പറഞ്ഞു. സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാർ എതിർത്തിരുന്നെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവിൽനിന്നു വ്യക്തമാണ്. വീട്ടുകാരുടെ എതിർപ്പുകാരണമാണ് പ്രതിക്ക് വാഗ്ദാനം പാലിക്കാൻ കഴിയാതിരുന്നതെന്ന് കോടതി വിലയിരുത്തി. നേരത്തെ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ഇതിനെതിരേയായിരുന്നു അപ്പീൽ.

ഈ വാര്‍ത്ത കൂടി വായിക്കാം: ആരോഗ്യ സർവകലാശാല എംബിബിഎസ്: പരീക്ഷ എഴുതാത്തവർക്ക് ജൂനിയർ ബാച്ചിനൊപ്പം അവസരം, ഹൈക്കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ