അകത്തിടണമെന്ന ആവശ്യവുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍; എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി; കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 05:02 PM  |  

Last Updated: 07th April 2022 05:02 PM  |   A+A-   |  

si_attack

അറസ്റ്റിലായ പ്രതി / ടെലിവിഷന്‍ ചിത്രം

 

പത്തനംതിട്ട: ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അക്രമത്തില്‍ ഗ്രേഡ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷനിലെ സ്‌കാനറും കസേരയും ബെഞ്ചും പ്രതി അടിച്ചുതകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്. 

ഇന്നലെ വൈകീട്ടായിരുന്നു കഞ്ചാവ് ലഹരിയില്‍ പ്രതിയുടെ ആകമണം. തന്നെ  ഏതെങ്കിലും കേസില്‍ പിടിച്ച് അകത്തിടണമെന്ന ആവശ്യവുമായാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇയാളെ പൊലീസ് ശാസിച്ച് തിരിച്ചയച്ചു. അതിനിടെ റോഡിലെത്തിയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. തുടര്‍ന്നാണ് പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തത്. 

സമനില തെറ്റിയ അവസ്ഥയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ ഇയാള്‍ തല ഭിത്തിയിലിടിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. സ്‌റ്റേഷനിലുണ്ടായ ബഞ്ച്, കസേര തല്ലി തകര്‍ത്തു. സ്‌കാനര്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച എസ്‌ഐയുടെ നെഞ്ചില്‍ ചവിട്ടി. പൊലീസുകാരെ തുപ്പുകയും തെറിവിളിക്കുകയും ചെയ്തു. 

25,000 രൂപയുടെ നഷ്ടം സ്‌റ്റേഷനില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു.  ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.