കെവി തോമസ് വഴിയാധാരമാകില്ല; പാര്‍ട്ടി വിട്ടുവന്നാല്‍ സഹകരിപ്പിക്കും; കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 03:06 PM |
Last Updated: 07th April 2022 03:06 PM | A+A A- |

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എംവി ഗോവിന്ദനൊപ്പം കോടിയേരി
കണ്ണൂര്‍: കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് വഴിയാധാരമാവില്ല, ചര്‍ച്ചകള്‍ നടന്നിട്ടില്ല, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു മറുപടി.
കെവി തോമസിനെ സംരക്ഷിക്കുന്നത് പ്രധാനവിഷയമെന്ന് എംഎ ബേബിയും തോമസ് പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലകാര്യമെന്ന് എ വിജയരാഘവനും പറഞ്ഞു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രൊഫ. കെ വി തോമസ് അറിയിച്ചിരുന്നു. ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കെ വി തോമസ് തുടങ്ങിയത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് തെറ്റു തിരുത്തണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വര്‍ഗീയതക്കെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്.
ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറിന്റെ ദേശീയ പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറിപ്പിലൂടെ അറിയിച്ചു. സോണിയാഗാന്ധി, താരിഖ് അന്‍വര്‍ തുടങ്ങിയവരെയും അറിയിച്ചു. തന്നെ ക്ഷണിച്ചത് സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ സംസാരിക്കാനാണ്. അരമണിക്കൂറാണ് സമയം അനുവദിച്ചത്. പ്രഭാഷണത്തിന് തയ്യാറെടുത്തു കഴിഞ്ഞു. താന്‍ സിപിഎമ്മിലേക്കല്ല, സെമിനാറില്‍ പങ്കെടുക്കാനാണ് പോകുന്നതെന്നും കെ വി തോമസ് പറഞ്ഞു.
നൂലില്‍കെട്ടി പാര്‍ട്ടിയിലേക്ക് വന്നയാളല്ല താന്‍
കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് ഏറെ സുപ്രധാനമാണ് സക്കറിയ കമ്മീഷന്‍. വളരെ പ്രധാനപ്പെട്ട കമ്മീഷനാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിരുന്നു. കേരളം മാറ്റി നിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം സിപിഎം അടക്കമുള്ള പാര്‍ട്ടികളെ കൈകോര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. 84 ല്‍ താന്‍ പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉണ്ടായിരുന്നു. ഇന്ന് അതില്ല. ബിജെപി സര്‍ക്കാര്‍ അതില്ലാതാക്കി. റെയില്‍വേ ബജറ്റ് അടക്കം ഇല്ലാതാക്കിയെന്ന് കെ വി തോമസ് പറഞ്ഞു.
താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. നാളെ സ്റ്റാലിനുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് പറയുമോയെന്നും തോമസ് ചോദിച്ചു. സെമിനാര്‍ വിഷയത്തില്‍ കെപിസിസി നേതൃത്വം തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും കെവി തോമസ് പറഞ്ഞു. രാഹുല്‍ഗാന്ധി പിണറായിയോടൊപ്പവും മറ്റ് സിപിഎം നേതാക്കള്‍ക്കൊപ്പവും പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
നൂലില്‍ കെട്ടി പാര്‍ട്ടിയില്‍ വന്നയാളല്ല താനെന്ന് കെവി തോമസ് പറഞ്ഞു. താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചു വന്നയാളാണ്. എന്നും പാര്‍ട്ടിയുടെ അച്ചടക്കത്തോടൊപ്പം നിന്നയാളാണ്. ഏഴു തവണ ജയിച്ചത് ജനകീയതയ്ക്കുള്ള അംഗീകാരമാണ്. ഒട്ടേറെ സ്ഥാനങ്ങള്‍ കിട്ടിയെന്നാണ് തനിക്കെതിരെ പറയുന്നത്. സ്ഥാനങ്ങള്‍ കിട്ടിയത് ഉറങ്ങിയപ്പോള്‍ കിട്ടിയതല്ല, പ്രവര്‍ത്തിച്ചതിന് കിട്ടിയതാണ്. കോണ്‍ഗ്രസ് പലതവണ തന്നെ അപമാനിച്ചു. തന്റെ കുടുംബക്കാര്‍ ആരും രാഷ്ട്രീയത്തിലില്ല. ഈ പാര്‍ട്ടിയില്‍ നിന്ന് പത്തുപൈസ ഉണ്ടാക്കിയിട്ടില്ല. തന്റെ ജീവിതം കോണ്‍ഗ്രസുകാരനായി തന്നെ തുടരും. 2018നു ശേഷം രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വര്‍ഷം കാത്തിരുന്നു. അര്‍ഹമായ പരിഗണന പാര്‍ട്ടി തരും എന്ന് കരുതി. ഗോവയുടെ ചുമതല ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. സോണിയാഗാന്ധി പോലും അനുകൂലമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തു നിന്നുള്ള നീക്കമാണ് അതട്ടിമറിച്ചത്. പിന്നീട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കി. നാല് മാസത്തിനകം തന്നെ മാത്രം മാറ്റി. പിന്നീട് തനിക്ക് നേരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.
താന്‍ ജന്മംകൊണ്ടു കോണ്‍ഗ്രസുകാരനാണ്. തന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു. കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനെയും ഇത്ര അപമാനിച്ചിട്ടുണ്ടാവില്ല. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച എന്നെ വിളിച്ചത് 'തിരുതത്തോമ' എന്നാണ്. മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചത് തന്റെ തെറ്റാണോയെന്ന് കെ വി തോമസ് ചോദിച്ചു.
സെമിനാറില്‍ പങ്കെടുത്താല്‍ തന്നെ പുറത്താക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണി മുഴക്കുന്നത്. പുറത്താക്കുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെ. താന്‍ എഐസിസി മെമ്പറാണ്. തന്നെ പുറത്താക്കാന്‍ അധികാരം എഐസിസിക്കാണ്. അതുപോലും ഇവര്‍ക്ക് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു. ഹൈ സ്പീഡ് റെയില്‍വേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.
സിപിഎം സെമിനാറില്‍ പങ്കെടുത്താലും ഇല്ലെങ്കിലും നടപടി
അതേസമയം സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കെപിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കെ വി തോമസ് എഐസിസി മെമ്പറാണ്. അതിനാലാണ് എഐസിസിക്ക് ശുപാര്‍ശ നല്‍കുന്നത്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതു മാത്രമേയുള്ളൂ. അദ്ദേഹത്തോട് നേരിട്ടൊന്നും പറഞ്ഞിട്ടില്ല. എന്താ ഭീഷണിയെന്ന് കെവി തോമസിനോട് ചോദിക്കാനും കെ സുധാകരന്‍ പറഞ്ഞു.
ഏത് വാക്കാണ് ഭീഷണിയെന്ന് അദ്ദേഹത്തോട് ചോദിക്കണം. നീ ആരാ എന്നു ചോദിച്ചാല്‍ അതു ഭീഷണിയായി കരുതുന്നവരുണ്ട്. അതുകൊണ്ട് ഏത് സെന്‍സിലാണ് ഭീഷണിയെന്ന് ചോദിക്കണം. കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നത് നഷ്ടമാണ്. അത് ഉള്‍ക്കൊള്ളുന്നു. ആ ബഹുമാനം നിലനിര്‍ത്തുന്നു. പക്ഷെ ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേയെന്ന് സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയിലുള്ളവര്‍ ആക്ഷേപിക്കുന്നു എന്ന കെ വി തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, ഇത്തരം അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കടുത്തനടപടിയെടുക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിയതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി
ഈ വാര്‍ത്തവായിക്കാം
'ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേ'; പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ