'ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേ'; പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 01:02 PM |
Last Updated: 07th April 2022 01:02 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കെപിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കെ വി തോമസ് എഐസിസി മെമ്പറാണ്. അതിനാലാണ് എഐസിസിക്ക് ശുപാര്‍ശ നല്‍കുന്നത്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതു മാത്രമേയുള്ളൂ. അദ്ദേഹത്തോട് നേരിട്ടൊന്നും പറഞ്ഞിട്ടില്ല. എന്താ ഭീഷണിയെന്ന് കെവി തോമസിനോട് ചോദിക്കാനും കെ സുധാകരന്‍ പറഞ്ഞു.
ഏത് വാക്കാണ് ഭീഷണിയെന്ന് അദ്ദേഹത്തോട് ചോദിക്കണം. നീ ആരാ എന്നു ചോദിച്ചാല്‍ അതു ഭീഷണിയായി കരുതുന്നവരുണ്ട്. അതുകൊണ്ട് ഏത് സെന്‍സിലാണ് ഭീഷണിയെന്ന് ചോദിക്കണം. കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നത് നഷ്ടമാണ്. അത് ഉള്‍ക്കൊള്ളുന്നു. ആ ബഹുമാനം നിലനിര്‍ത്തുന്നു. പക്ഷെ ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേയെന്ന് സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയിലുള്ളവര്‍ ആക്ഷേപിക്കുന്നു എന്ന കെ വി തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, ഇത്തരം അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കടുത്തനടപടിയെടുക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിയതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കെ വി തോമസ്; സിപിഎം സെമിനാറില്‍ പങ്കെടുക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ