'എനിക്കു നിങ്ങളെ ഭയമാണ്'; കാവ്യയുടെ ഫോണ്‍സംഭാഷണം ക്രൈംബ്രാഞ്ചിന്; നടിയെ മനഃപൂര്‍വം കേസിലേക്ക് വലിച്ചിഴയ്ക്കുന്നോയെന്ന് സംശയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 10:09 AM  |  

Last Updated: 09th April 2022 10:46 AM  |   A+A-   |  

kavya

കാവ്യ മാധവൻ/ ഫയൽ

 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലേക്ക് കാവ്യാമാധവനെ വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയം. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണപരിധിയിലേക്ക് കാവ്യാ മാധവനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. 

ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതായാണ് സൂചന. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്  അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 

'എനിക്കു നിങ്ങളെ ഭയമാണെ'ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.  സൈബര്‍ ഹാക്കര്‍ സായ്ശങ്കറിന്റെ ഫോണില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. 

അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണ് കേസിന് വഴിയൊരുക്കിയ സംഭവങ്ങള്‍ക്ക് തുടക്കമെന്ന് സുരാജ് സുഹൃത്തും വ്യവസായിയുമായ ശരത്തിനോടു പറയുന്ന ശബ്ദസംഭാഷണമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണ് സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളത് സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. 

ദിലീപും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തായി

അതിനിടെ,  നടന്‍ ദിലീപും അഭിഭാഷകന്‍ സുജേഷ് മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തായി.  കോടതിയില്‍ കാര്യങ്ങള്‍ തന്ത്രപൂര്‍വം ബോധ്യപ്പെടുത്താമെന്ന് അഭിഭാഷകന്‍ സംഭാഷണത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ കണ്ട ശേഷമാണ് സംഭാഷണം. മജിസ്‌ട്രേറ്റ് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചില നമ്പറുകള്‍ ഇറക്കിയെന്നും സുജേഷ് മേനോന്‍ പറയുന്നു. 

എസിയുടെ ശബ്ദം... ഇടയ്ക്ക് ദൃശ്യങ്ങള്‍ അടിയിലേക്കും ഫ്‌ലോറിലേക്കുമൊക്കെ തെറ്റി പോകുന്നില്ലേ... ഓടുന്ന വണ്ടിയാണെന്ന് കാണിക്കാന്‍ മൊബൈല്‍ ഇട്ടു കളിച്ചിട്ടുണ്ട്. കാണിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. അതല്ലേ സാറിനോട് അവിടെ വെച്ച് പോസ് ചെയ്യട്ടെ എന്നു ചോദിച്ചത്. 'നമ്മള്‍ അത് കണ്ടതല്ലേ' എന്നും ഫോണ്‍ സംഭാഷണത്തില്‍ അഭിഭാഷകന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപ് നേരത്തെ കണ്ടതായി അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

'ഒരു പ്രശ്‌നവുമില്ല. നോ പ്രോബ്ലം; എല്ലാം വക്കീല്‍ പറഞ്ഞു തരും'; ദിലീപിന് വേണ്ടി സാക്ഷിയായ ഡോക്ടറെ സ്വാധീനിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ