'പിണറായി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സില്‍വര്‍ ലൈന്‍ എതിര്‍ക്കപ്പെടരുത്'; സിപിഎം സെമിനാറില്‍ കെ വി തോമസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 07:29 PM |
Last Updated: 09th April 2022 07:29 PM | A+A A- |

സിപിഎം സെമിനാറില്‍ കെ വി തോമസ് സംസാരിക്കുന്നു
കണ്ണൂര്‍: പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. സ്വന്തം അനുഭവത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് പറഞ്ഞു.
കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിഷമമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കെ വി തോമസ് ഉദ്ധരിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തെ എതിര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ നടക്കുന്ന പരിപാടികളില്‍ നിങ്ങളും പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
കെ റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താന്‍ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തില്‍ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്പോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായത്. പദ്ധതികളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. അല്ലാതെ പിണറായി വിജയനാണ് പദ്ധതി കൊണ്ടുവരുന്നതെങ്കില്‍ എതിര്‍ക്കുമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
വികസന കാര്യത്തില്‍ സംസ്ഥാനത്തിന് ഗുണകരമാണെങ്കില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എംപിമാര്‍ കേരളത്തിന്റെ വികസനകാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അല്ലെങ്കില്‍ കേന്ദ്രത്തില്‍ അടുപ്പിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല': പിണറായി വിജയന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ