കൊച്ചി: തന്റെ കാറിലിടിച്ചശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആർടിഒ സലീം വിജയകുമാർ. വെള്ളിയാഴ്ച രാവിലെ ആലുവ ടൗണിലാണ് സംഭവം. പറവൂർ ടൗണിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു സലീം. ഇതിനിടയിലാണ് റോഡിൽ കെഎസ്ആർടിസ് ഡ്രൈവറുമായി ഏറ്റുമുട്ടേണ്ടിവന്നത്.
കാറിന് പിന്നാലെ തുടർച്ചയായി ഹോൺ മുഴക്കിയാണ് ബസ് എത്തിയത്. മുന്നിലെ ബൈക്കുകാരന് യു-ടേൺ എടുക്കാനായി കാർ നിർത്തിക്കൊടുത്തത് പിന്നാലെയെത്തിയ കെഎസ്ആർടിസി ഡ്രൈവർക്ക് ഇഷ്ടമായില്ല. പിന്നീട് ഗതാഗതക്കുരുക്കിൽ കിടന്നപ്പോൾ നിരന്തരം ഹോണടിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയ സലീം കുരുക്കിൽക്കിടക്കുമ്പോൾ ഹോൺ അടിച്ചിട്ട് കാര്യമില്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ആലുവ പാലസിന് മുന്നിൽവച്ച് വലത്തേക്ക് തിരിയാനായി കാർ ഇൻഡിക്കേറ്റർ ഇട്ടപ്പോഴാണ് ബസുമായെത്തിയ ഡ്രൈവർ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി വേഗത്തിലെത്തി, ബസിന്റെ പുറകുവശം കൊണ്ട് കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും ബസ് നിർത്താതെ പോയതോടെ കാറുമായി സലീം പിന്നാലെ പോയി.
വഴിനൽകാത്തതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ കെഎസ്ആർടിസി ഡ്രൈവർ മനഃപൂർവം ബസ് ഇടിപ്പിക്കുകയായിരുന്നുവെന്ന് സലീം വിജയകുമാർ പറഞ്ഞു. ആലുവ അദ്വൈതാസ്രമത്തിന് മുന്നിൽവെച്ച് ബസ് തടഞ്ഞു. മഫ്തിയിലായിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിയാതിരുന്ന കെഎസ്ആർടിസി ഡ്രൈവർ ജോ. ആർടിഒയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. കേസ് കൊടുത്തോ എന്നായി ഡ്രൈവർ.
ഇതോടെ മോട്ടോർവാഹന വകുപ്പിന്റെ വാഹനപരിശോധനാ സംഘത്തെ സലീം വിളിച്ചുവരുത്തി. അപ്പോഴാണ് കാറിലുണ്ടായിരുന്നയാൾ ജോയിന്റ് ആർടിഒ ആണെന്ന് ഡ്രൈവർ മനസ്സിലാക്കിയത്. പരാതിയെത്തുടർന്ന് ആലുവ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സജീവനെതിരെ കേസെടുത്തു. നോർത്ത് പറവൂർ ഡിപ്പോയുടെ ബസ് ആലുവ-പറവൂർ റൂട്ടിലോടുന്നതാണ്.
ഈ വാർത്ത വായിക്കാം: ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക