സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 07:30 AM  |  

Last Updated: 10th April 2022 07:30 AM  |   A+A-   |  

rain cloudS

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അഞ്ച് ദിവസം തുടരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ‍ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വീട്ടുവളപ്പിലെ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഓല മേഞ്ഞതോ ഷീറ്റിട്ടതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി, 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.

ഈ വാർത്ത വായിക്കാം

പാര്‍ട്ടി സമ്മേളനത്തിനിടെ എം സി ജോസഫൈന് ഹൃദയാഘാതം, ആശുപത്രിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ