മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 05:41 PM  |  

Last Updated: 10th April 2022 05:41 PM  |   A+A-   |  

sea level

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ കേരളത്തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല  എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു.കേരള തീരത്ത് മണിക്കൂറില്‍  60  കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ കേരള തീരത്ത് നിന്നും അകന്ന് കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതം.കേരള തീരത്ത്‌നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്.കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെങ്കിലും മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഈ ജില്ലകളില്‍ അന്നേദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍  115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ