ചിറ്റൂരില്‍ കൊതുമ്പിനു മുകളില്‍ കൊച്ചങ്ങ വളരുന്നു, അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണം; വൈദ്യുതിമന്ത്രിക്കെതിരെ സിഐടിയു

വകുപ്പിനെപ്പറ്റി അറിയില്ലെങ്കില്‍ കൃഷ്ണന്‍ കുട്ടി ഇട്ടിട്ട് പോകണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു
കെ കൃഷ്ണന്‍കുട്ടി, കെ എസ് സുനില്‍ കുമാര്‍/ ഫയല്‍
കെ കൃഷ്ണന്‍കുട്ടി, കെ എസ് സുനില്‍ കുമാര്‍/ ഫയല്‍

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. കെഎസ്ഇബിയിലെ പ്രശ്‌നം ചെയര്‍മാന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ പറഞ്ഞു. വകുപ്പ് ഭരിക്കുന്നത് മന്ത്രിയാണോ, അതോ ചെയര്‍മാനോ?.  വകുപ്പിനെപ്പറ്റി അറിയില്ലെങ്കില്‍ കൃഷ്ണന്‍ കുട്ടി ഇട്ടിട്ട് പോകണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുന്നുവെന്നും സുനില്‍കുമാര്‍ പരിഹസിച്ചു. വൈദ്യുതി ഭവന് മുന്നിലെ സിഐടിയു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പില്‍ നടക്കുന്നതൊന്നും അറിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇരിക്കുന്നത്. അറിയാത്ത മന്ത്രി എന്തിനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ജാസ്മിന്‍ ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കണം. 

മന്ത്രി അറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന ആളെ എന്തിനാണ് ചെയര്‍മാനായി വെച്ചിരിക്കുന്നത്. ഇതിനെല്ലാം നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടി വരും. സര്‍ക്കാരിന്റെ അനുമതിയോടെയാണ് സംഘടനയുടെ നിലപാടിനെ സംഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി സിഎംഡി പുലഭ്യം പറഞ്ഞതെന്ന് സുനില്‍കുമാര്‍ ചോദിച്ചു. 

സര്‍ക്കാരിന്റെ അനുമതിയോടെയാണ് മീഡിയക്ക് മുന്നില്‍ സ്ത്രീത്വത്തെ ആക്ഷേപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ അറിവോടെയല്ലെങ്കില്‍, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ആര്‍ജ്ജവം കാണിക്കണം. കേരളത്തില്‍ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ വളരുന്നത്. ചിറ്റൂരില്‍ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങയെന്ന് സംശയം.

ആരാണ് മന്ത്രി?, ആരാണ് ചെയര്‍മാനെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. മുന്നണി മര്യാദ കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ അരസംഘിയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു.  മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായതോടെ, വിശദീകരണവുമായി കെ എസ് സുനില്‍കുമാര്‍ രംഗത്തുവന്നു. മന്ത്രി ഇട്ടിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല. മന്ത്രിക്ക് മുകളിലോ ചെയര്‍മാന്‍ എന്ന് ആശങ്കപ്പെടുകയാണ് ചെയ്തതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com