നിമിഷപ്രിയയുടെ മോചനം; ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 12:27 PM  |  

Last Updated: 12th April 2022 12:27 PM  |   A+A-   |  

nimisha_priya

നിമിഷപ്രിയ

 

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി. 

നിമിഷപ്രിയയുടെ മോചനത്തിനായി നിയതന്ത്രതലത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. 

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യമനിലേക്ക് പോകാന്‍ കഴിയുന്നില്ല.ഇക്കാരണത്താല്‍ യമന്‍ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി':  കുറിപ്പെഴുതി വെച്ച് ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ