മതില്‍ തകര്‍ത്ത് മുറ്റത്തെത്തി 'പടയപ്പ'; ഭയന്നു വിറച്ച് ദമ്പതികള്‍; ബന്ദികളായത് മൂന്നുമണിക്കൂർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 07:29 AM |
Last Updated: 12th April 2022 09:55 AM | A+A A- |

പടയപ്പ /ഫയല്‍ ചിത്രം
മൂന്നാര്‍: മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ സ്വൈരവിഹാരം തുടരുകയാണ്. കഴിഞ്ഞദിവസം അര്‍ധരാത്രി മൂന്നാര്‍ കോളനിയിലെ ശിവയുടെ വീട്ടുമുറ്റത്തെത്തിയ പടയപ്പ, ശിവയെയും ഭാര്യയെയും മൂന്നു മണിക്കൂറോളമാണ് ബന്ദിയാക്കിയത്.
രാത്രി 11 മണിയോടെ, ശിവയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മുറ്റത്തു കയറി വാഴ തിന്നാന്‍ ആരംഭിച്ചു. ശിവയും ഭാര്യ മുത്തും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിന്‍ഭാഗം ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമാണ് ഇവര്‍ക്കു പുറത്തിറങ്ങാന്‍ വഴിയുള്ളത്.
ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ച് വീടിനുള്ളില്‍ കഴിഞ്ഞുകൂടി. പുലര്‍ച്ചെ രണ്ടിനു സമീപവാസികള്‍ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നും അകറ്റിയത്. രണ്ടാഴ്ചയോളമായി പടയപ്പ മൂന്നാര്‍ ടൗണിലും ചുറ്റുവട്ടത്തും തന്നെ തുടരുകയാണ്.