'അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 05:26 PM  |  

Last Updated: 13th April 2022 05:26 PM  |   A+A-   |  

george_thomas

ജോര്‍ജ് എം തോമസ്


കോഴിക്കോട്: കേരളത്തിലെ കോളജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച് ഐഎസിലേക്കടക്കം റിക്രൂട്ട്മെന്റ് ചെയ്യുന്നെന്ന വിവാദ പ്രസ്താവനയില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. ജമാഅത്തെ ഇസ്ലാമി കേരളാ ഘടകത്തിനുവേണ്ടി അഡ്വ. അമീന്‍ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

'രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് ബോധപൂര്‍വമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം തോമസിന്റെ പ്രസ്താവന' നോട്ടീസ് ആരോപിക്കുന്നു.

അതേസമയം, ലവ് ജിഹാദ് വിവാദത്തില്‍ മുന്‍ പ്രസ്താവന തിരുത്തി ജോര്‍ജ് എം തോമസ് രംഗത്തെത്തി.ലവ് ജിഹാദില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് നയം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ തന്നെ വിവരം അറിയിച്ചു. അവസരം യുഡിഎഫ് മുതലെടുക്കുന്നത് കണ്ടാണ് പ്രതികരിച്ചത്. ഇഎംഎസിന് പോലും നാക്കുപിഴ പറ്റിയിട്ടുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാവര്‍ വിവാഹം കഴിക്കാനും ഒന്നിച്ചു ജീവിക്കാനും ഇന്ത്യയില്‍ അവകാശവും സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മിന് അതു നിഷേധിക്കാനൊന്നും പറ്റില്ല. ഞങ്ങള്‍ അത് അംഗീകരിക്കുകയാണ്. മിശ്രവിവാഹത്തെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രോത്സാഹിപ്പിച്ച ചരിത്രമേയുള്ളൂ സിപിഎമ്മിനെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ഇത്തരം മിശ്രവിവാഹത്തിലോ മറ്റു കാര്യങ്ങളിലേ ഏര്‍പ്പെടുമ്പോള്‍ പാര്‍ട്ടി കൂടി അറിഞ്ഞിരിക്കണം. ഉണ്ടാകാവുന്ന ഭവിഷ്യത്ത് എന്താണ് മറ്റു പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍, പാര്‍ട്ടി കൂടി അറിഞ്ഞാലല്ലേ അവര്‍ക്ക് ഉപദേശം കൊടുക്കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനും സാധിക്കൂ. ഇവരുടെ വിഷയത്തില്‍ പാര്‍ട്ടി ഒന്നും തന്നെ അറിഞ്ഞിരുന്നില്ല.

ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നും വയലന്റായ പ്രതികരണം പാര്‍ട്ടിക്ക് നേരെ ഉണ്ടായി. അതു കൂടി പാര്‍ട്ടിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പാര്‍ട്ടിക്ക് കണക്കാക്കണം. അയാള്‍ അറിയിക്കാതെ ചെയ്തു എന്നതാണ് അതില്‍ വന്നിട്ടുള്ള പിശകെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

സമുദായത്തെ വ്രണപ്പെടുത്തിയതായിട്ടാണ് അനുഭവം. അതുകൊണ്ടാണ് കന്യാസ്ത്രീകള്‍ അടക്കം പ്രതിഷേധത്തിനിറങ്ങിയത്. സാധാരണഗതിയില്‍ സിസ്റ്റേഴ്‌സൊന്നും പ്രകടനത്തിലോ പ്രതിഷേധത്തിലോ പങ്കെടുക്കുന്നവരല്ല. അവരുടെ പോലും സാന്നിധ്യം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതില്‍ യുഡിഎഫിന്റെ താല്‍പ്പര്യം കൂടിയുണ്ട്. എന്തായാലും ആ സമൂഹത്തിന് മുറിവേല്‍ക്കപ്പെട്ടു എന്നതിന് പ്രത്യക്ഷ ഉദാഹരണമാണതെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ മലയാളിയായ പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ