സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് അഞ്ച് വർഷം കൂടുമ്പോൾ ട്രാൻസ്ഫർ, മറ്റ് ഉദ്യോ​ഗസ്ഥർക്കും സ്ഥലം മാറ്റം നിർബന്ധം; ഉത്തരവുമായി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:28 AM  |  

Last Updated: 13th April 2022 08:28 AM  |   A+A-   |  

Mandatory transfer of Secretariat officers

സെക്രട്ടേറിയറ്റ്/ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം നിർബന്ധമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, സെക്‌ഷൻ ഓഫിസർ കേഡറിലുള്ള ഉദ്യോഗസ്ഥരെ 5 വർഷം കൂടുമ്പോഴും അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവരെ 3 വർഷത്തിലൊരിക്കലും നിർബന്ധമായും സ്ഥലംമാറ്റണമെന്നാണ് സർക്കാർ ഉത്തരവ്. മറ്റു തസ്തികകളിലെ ജീവനക്കാരെ 5 വർഷം കൂടുമ്പോഴും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെ ബന്ധപ്പെട്ട ഓഫിസർമാരുടെ അഭിപ്രായം അനുസരിച്ചും മാറ്റാം. 

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ മാർഗനിർദേശം സർക്കാർ ഉത്തരവായി ഇറങ്ങുന്നത് ആദ്യമാണ്. ജീവനക്കാർക്ക് എല്ലാ വകുപ്പിലും സേവനപരിചയം കിട്ടാനാണ് ഇതെന്ന് ഉത്തരവിൽ വിശദീകരിച്ചു. സെക്‌ഷൻ ഓഫിസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു മുഖ്യമന്ത്രിയുടെ അംഗീകാരം വേണം. മാർഗനിർദേശത്തിൽനിന്നു വ്യതിചലിച്ചുള്ള സ്ഥലംമാറ്റങ്ങളും മുഖ്യമന്ത്രി അറിയണം. 

സമയപരിധി കഴിഞ്ഞും ഒരാളെ തുടരാൻ അനുവദിക്കണമെങ്കിൽ വകുപ്പു സെക്രട്ടറിയും, മന്ത്രിമാരുടെ താൽപര്യപ്രകാരമെങ്കിൽ ബന്ധപ്പെട്ട സെക്രട്ടറിയും അത് അറിയിക്കണം. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു ഡപ്യൂട്ടേഷനിൽ അയയ്ക്കാൻ അവരുടെ സമ്മതം വാങ്ങണം. സമ്മതമുള്ളവർ ഇല്ലെങ്കിൽ കേഡറിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കാം. ഡപ്യൂട്ടേഷനിൽ പോയവരെ വിരമിക്കുന്നതിന് ഒരുവർഷം മുൻപെങ്കിലും അപേക്ഷപ്രകാരം സെക്രട്ടേറിയറ്റിലേക്കു തിരിച്ചു നിയമിക്കണം.

സർവീസ് സംഘടനകളുടെ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും മാർഗനിർദേശങ്ങൾ ബാധകമാകാതെ സെക്രട്ടേറിയറ്റിൽ തുടരാമെന്ന വ്യവസ്ഥ നിലനിർത്തി. സ്റ്റാഫ് വെൽഫെയർ സൊസൈറ്റി, കന്റീൻ എന്നിവയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, സ്റ്റോർ കീപ്പർ തുടങ്ങിയ 3 പ്രധാന ഭാരവാഹികൾക്കും ഇങ്ങനെ തൽസ്ഥാനത്തു തുടരാം. ഗുരുതര രോഗികൾക്കും രോഗികളായ കുട്ടികളോ മാതാപിതാക്കളോ പങ്കാളികളോ ഉള്ളവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

ഗതാ​ഗതനിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെടുന്നവരെ ഇനി പൊലീസിൽ എടുക്കില്ല, ചട്ടം ഭേദ​ഗതി ചെയ്യാൻ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ