സംസ്ഥാനത്ത് ഇന്നും മഴ തുടരും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ചയോടെ മഴ കുറഞ്ഞേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 07:17 AM |
Last Updated: 14th April 2022 07:22 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും.
ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങിയേക്കും
കേരളത്തിൻറെ കടൽത്തീരത്ത് മത്സ്യബന്ധനത്തിന് പ്രഖ്യാപിച്ചിരുന്ന വിലക്ക് തുടരും. ഏപ്രിൽ 17 വരെ കേരളത്തിൽ മണിക്കൂറിൽ 30-40 വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളാ തീരത്തിന് അടുത്തായാണ് നിലവിൽ ചക്രവാതച്ചുഴി.
ചക്രവാതച്ചുഴി ദുർബലമായി കേരളാ തീരത്ത് നിന്ന് അകന്നാൽ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുർബലമാകും. എന്നാൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ