അക്രമിസംഘം എത്തിയ കാര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റേത്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2022 04:41 PM |
Last Updated: 15th April 2022 05:51 PM | A+A A- |

കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതെന്ന് സംശയം. രണ്ടുകാറിലെത്തിയ അക്രമിസംഘം ഒരു കാര്‍ വഴിവക്കില്‍ ഉപേക്ഷിച്ചു. തുടര്‍ അക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം അക്രമികള്‍ സഞ്ചരിച്ച കാര്‍ സഞ്ജിത്തിന്റെതാണെന്ന എസ്ഡിപിഐ ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപി - ആര്‍എസ്എസ് സംഘമാണെന്നും എസ്ഡിപിഐ പറയുന്നു
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുപ്പിയോട് സ്വദേശി സുബൈറിന രണ്ട് കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ട് സുബൈറിനെ ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. നേരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ