സുബൈർ വധം; പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി; കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2022 08:26 AM |
Last Updated: 16th April 2022 08:26 AM | A+A A- |

ടെലിവിഷൻ സ്ക്രീൻഷോട്ട്
പാലക്കാട്: എലപ്പുള്ളിയില്‍ എസ്‍ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടി കൊന്ന ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കെഎൽ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാർ ഇവിടെ നിർത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരൻ പറയുന്നു. രാവിലെ 11 മണിക്ക് കടയടച്ച് പോകുമ്പോൾ ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് രണ്ട് മണിയോടെ കടയിൽ എത്തിയപ്പോഴാണ് കാർ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാർ കൊണ്ടു പോകാൻ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നൽകുകയായിരുന്നുവെന്ന് കടക്കാരൻ പറയുന്നു.
സംഭവ സ്ഥലത്തു നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററിനുള്ളിലാണ് കാർ കിടന്നിരുന്നത്. രണ്ട് കാറുകളാണ് അക്രമി സംഘം ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കാർ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ. സംഭവത്തിൽ ആസൂത്രണമുണ്ടെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നതെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം എഫ്ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
ഈ വാർത്ത വായിക്കാം
കരിപ്പൂരിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു; പത്ത് പേർ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ