ഭാര്യയുടെ ഫോണിൽ നിന്ന് ആ മെസേജ് തപ്പിയെടുത്തു; ചാറ്റിങ്; 20കാരനെ വീട്ടിൽ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 02:59 PM  |  

Last Updated: 17th April 2022 02:59 PM  |   A+A-   |  

one arrested kidnap case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തിൽ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈൽ ഷോപ്പിൽ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പർ വാങ്ങി വാട്ട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. 

ഇതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലിൽ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭർത്താവ് കല്ലുവെട്ടാൻ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തുകയും യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തു. വീട്ടിൽ എത്തിയ യുവാവിനെ പ്രതികൾ രണ്ടു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിട്ടയക്കാനായി കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. 

അഡ്വാൻസായി പതിനായിരം രൂപ നൽകിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന്  വാങ്ങി നൽകാമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെവിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കാർ നിർത്തി സ്റ്റേഷനി ലേക്ക് ഓടിക്കയറുകയും ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെട്ടു. 

യുവാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും മറ്റ് രണ്ടു പേർക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത വായിക്കാം

രണ്ടു കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ