അനൂപിനെയും സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും; കോടതി രേഖകള്‍ ചോര്‍ന്നതില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 06:37 AM  |  

Last Updated: 19th April 2022 06:37 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വച്ചാകും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഇവര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. 

രാവിലെ അനൂപും ഉച്ചയ്ക്ക് ശേഷം സുരാജും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരാജിനോട് മൊബൈല്‍ഫോണ്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാന്‍ െ്രെകംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും അവര്‍ ഹാജരായില്ല. ഇവര്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട അനൂപിന്റെയും സുരാജിന്റെയും ഓഡിയോ ക്ലിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വ്യക്തത തേടും. കൂടാതെ ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ടും ഇവരില്‍ നിന്ന് മൊഴിയെടുക്കും. നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രേഖകള്‍ ചോര്‍ന്നതില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ വിചാരണ കോടതി അനുമതി നല്‍കിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ എ ഡി ജി പി ശ്രീജിത്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്; പ്രോസിക്യൂഷനും ദിലീപിനും നിര്‍ണായകം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ