എത്ര സുരക്ഷിതമായ സ്ഥലത്താണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്; പാലക്കാട്ടെ കൊലപാതകങ്ങള്‍ പൊലീസിന്റെ പരാജയമല്ലെന്ന് കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 05:25 PM  |  

Last Updated: 19th April 2022 05:35 PM  |   A+A-   |  

kodiyeri

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

 


തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ആര്‍എസ്എസും എസ്ഡിപിഐയും വര്‍ഗീയ കലാപത്തിന് ശ്രമിക്കകയാണെന്നം കോടിയേരി പറഞ്ഞു. അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. മതത്തെ ഉപയോഗിച്ച് രാഷ്്ട്രീയനേട്ടം ഉണ്ടാക്കാനുള്ള രാഷ്ട്രീയനാടകമാണ് നടക്കുന്നത് കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട്ടെ കൊലപാതകങ്ങളില്‍ യുഡിഎഫിന്റെത് സങ്കുചിത നിലപാടാണ്. യുഡിഎഫ് കൊലപാതകങ്ങളെ അപലപിച്ചില്ലെന്നു മാത്രമല്ല സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേര്‍ന്നതായിരുന്നില്ല യുഡിഎഫ് നിലപാടെന്നും കോടിയേരി പറഞ്ഞു.

പാലക്കാട്ടെ കൊലപാതകങ്ങള്‍ പൊലീസിന്റെയോ ഇന്റലിജന്‍സിന്റെയോ പരാജയമല്ല. എത്ര സെക്യൂരിറ്റിയുള്ള സ്ഥലത്താണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകം കണ്ടെത്താനായോ?. രാഷ്ട്രീയമായി ആസൂത്രണം ചെയ്തതാണ് കൊലനടത്തിയത്. ഇതിനെ ഇന്റലിജന്‍സിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ?. നേരത്തെ നാലും അഞ്ചും കൊലപാതകങ്ങള്‍ നടന്നിട്ടില്ലേ?. അങ്ങനെയുള്ള സംസ്ഥാനമാണ് കേരളമെന്നും കോടിയേരി പറഞ്ഞു.

എസ്ഡിപിഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നാണ് ആര്‍എസ്എസ് ചോദിക്കുന്നത്. ഒരു സംഘടനയെ നിരോധിക്കല്‍ പ്രായോഗികമല്ല. ആ സംഘടനയെ നിരോധിച്ചാല്‍ അത് മറ്റൊരുപേരില്‍ വരും. അതുകൊണ്ട് പ്രശ്‌നപരിഹാരമാകില്ല. ഇവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകയാണ്. രാജ്യത്ത് ആദ്യം നിരോധിക്കുകയാണെങ്കില്‍ വേണ്ടത് ആര്‍എസ്എസിനെയാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയതും ബാബറി മസ്ജിദ് തകര്‍ത്തതും ഇത്രയധികം ആളുകളെ കൊലപ്പെടുത്തിയതും ആര്‍എസ്എസ് അല്ലേയെന്നും കോടിയേരി ചോദിച്ചു. 

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ 9 സംസ്ഥാനത്തും ആക്രമണം അഴിച്ചുവിട്ടു. മുസ്ലീം വിഭാഗത്തിനെതിരെയായിരുന്നു എല്ലായിടത്തും ആക്രമണങ്ങള്‍. എല്ലായിടത്തും സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ചെയ്തു. ഡല്‍ഹിയില്‍ പശുമാംസം വിറ്റുവെന്ന് പറഞ്ഞ് ഒരാളെ തല്ലിക്കൊന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയമായി വിഭജനം ഉണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ജോര്‍ജ് എം തോമസിന്റെത് പാര്‍ട്ടി നിലപാടുകള്‍ക്കെതിരാണ്.കോഴിക്കോട് പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അത് തിരുത്തി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യം പാര്‍ട്ടി ജില്ലാ കമ്മറ്റി തീരുമാനിക്കും  കോടിയേരി പറഞ്ഞു.

 

ഈ വാര്‍ത്ത വായിക്കാം

കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല, ആരു കുറ്റിനാട്ടിയാലും പറിച്ചെറിയും: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ