മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോ?; തിരിച്ചടിച്ച് കെ വി തോമസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 10:41 AM |
Last Updated: 21st April 2022 10:47 AM | A+A A- |

ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിയും വി ഡി സതീശനും, കെ വി തോമസ്
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തതിന് കെപിസിസി നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ കെ വി തോമസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി സി വിഷ്ണുനാഥ് പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ഇഫ്താര്‍ വിരുന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടിയുണ്ട്. വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് അടുത്ത് ഇടപഴകിയത് ശരിയോ എന്നും കെ വി തോമസ് ചോദിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്റണി എന്നിവര്‍ക്കാണ് കത്തയച്ചത്.
സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പിസി വിഷ്ണുനാഥും ചെയ്തതെന്നും കെ വി തോമസ് കത്തില്‍ ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി സി വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ വി തോമസ് ആരാഞ്ഞിട്ടുണ്ട്.

തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോയെന്ന് കെ വി തോമസ് ചോദിച്ചു. വിഷ്ണുനാഥ് പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണോ എന്ന് വ്യക്തമാക്കണം. കെ റെയില്‍ സമരം അവസാനിപ്പിച്ചോ?. പൊലീസിന്റെ നിലപാട് സൗഹൃദപരമായി മാറിയോ? അതുകൊണ്ടാണോ മുഖ്യമന്ത്രി വിളിച്ച പരിപാടിയിൽ പങ്കെടുത്തത്?.അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ കത്ത് കൂടി പരിഗണിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.
കെപിസിസി നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കുമോ എന്ന ചോദ്യത്തിന്, അതിന്റെ കാര്യമില്ലെന്നും തന്റെ വിഷയം ഇപ്പോല്‍ കൈകാര്യം ചെയ്യുന്നത് ഹൈക്കമാന്‍ഡ് ആണെന്നും അതിനാലാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചതെന്നും കെ വി തോമസ് വിശദീകരിച്ചു. സിപിഎം വിളിച്ചിട്ടാണ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത്. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷ നേതാവും എല്‍ഡിഎഫിലേക്ക് പോകുമോയെന്ന് ഇഫ്താറില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തത് സൂചിപ്പിച്ച് കെ വി തോമസ് ചോദിച്ചു.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചില്ലേ, മുഖ്യമന്ത്രി വിളിച്ച വിരുന്നിന് പ്രതിപക്ഷ നേതാവും പോയില്ലേയെന്ന് കെ വി തോമസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിന് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു. ഞാന്‍ വന്നത് സതീശന് അറിയില്ല. മുഖ്യമന്ത്രിയുമായി താന്‍ കുറേ നേരം സംസാരിച്ചു. കോടിയേരി ബാലകൃഷ്ണനെയും എംഎ ബേബിയെയും കണ്ടിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെ എസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ