അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 08:52 AM |
Last Updated: 21st April 2022 09:24 AM | A+A A- |

പ്രതീകാത്മക ചിത്രം
കട്ടപ്പന: മൂന്നാഴ്ച മുൻപ് മുഖം കഴുകവെ മൂക്കിനുള്ളിലേക്ക് കയറിയ കുളയട്ടയെ യുവാവിന്റെ മൂക്കിൽ നിന്ന് പുറത്തെടുത്തു. ജീവനോടെയാണ് കുളയട്ടയെ പുറത്തെടുത്തത്. കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാം (38) ആണ് കുളയട്ട മൂലം വലഞ്ഞത്. ഡിപിന്റെ വലതു മൂക്കിലാണ് കുളയട്ട കയറിയത്.
4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട ആയിരുന്നു ഇത്. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. ഈ സമയം കുളയട്ട മൂക്കിൽ കയറിയതാകാമെന്നാണ് കരുതുന്നത്. മൂന്നാഴ്ച മുൻപാണ് ഡിപിന് പല അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങിയത്. വലത് മൂക്കിലൂടെയും വായിലൂടെയും ഇടയ്ക്ക് രക്തം വന്നിരുന്നു.
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം
രക്തം വരുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടു. ഇതോടെ ആശുപത്രിയിൽ എത്തി എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഇതോടെ ഡോക്ടർ 5 ദിവസത്തെ മരുന്ന് നൽകി വിട്ടു.
എന്നാൽ 3 ദിവസത്തിന് ശേഷവും മാറ്റം ഉണ്ടായില്ല. ഇതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 3 ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടായില്ല. പിന്നാലെ 7 ദിവസം ആയുർവേദവും പരീക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിൽ ഇവർ ചികിത്സയ്ക്ക് എത്തി.
മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടത്. തുടർന്ന് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുത്തു.
ഈ വാര്‍ത്ത വായിക്കാം
സീരിയല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; പൊലീസ് കൊണ്ടുവന്ന് വെച്ചതെന്ന് ആരോപണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ