കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 09:19 AM  |  

Last Updated: 22nd April 2022 10:30 AM  |   A+A-   |  

binu

ഫയല്‍ ചിത്രം

 

കോട്ടയം: പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായിരുന്നു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1974ല്‍ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛന്‍ മയിലന്‍, അമ്മ ചെല്ലമ്മ. 2009ല്‍ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവര്‍ കുഞ്ഞിനെ തേടുമ്പോള്‍ (2013), തമിഴ് കവി എന്‍ ഡി രാജ്കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍, ഒലിക്കാതെ ഇളവേനല്‍ എന്ന ഇലങ്കന്‍ പെണ്‍ കവിതകള്‍ എന്നിവയാണ് മറ്റു കവിതകള്‍. 

സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവല്‍ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. അടുത്തിടെ പ്രസിദ്ധീകരിച്ച പാലുവം പെണ്ണ് എന്ന ദീർഘകാവ്യം ശ്രദ്ധേയമായിരുന്നു. എംജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു.

മികച്ച പുല്ലാങ്കുഴല്‍ വാദകന്‍ കൂടിയായ അദ്ദേഹം ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പിളി കെ ആര്‍ ആണ് ബിനുവിന്റെ ഭാര്യ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച 11 മണിക്ക് മാവേലിക്കര പള്ളിപ്പാട് വീട്ടുവളപ്പിൽ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

 പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ