എസ്എംഎസ് ബില്ലില്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവും ഉള്‍പ്പെടുത്തണം; വാട്ടര്‍ അതോറിറ്റിയോട് മനുഷ്യാവകാശ കമ്മീഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 05:57 PM  |  

Last Updated: 23rd April 2022 05:57 PM  |   A+A-   |  

kerala_water

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി എസ്എംഎസ് വഴി നല്‍കുന്ന ബില്ലില്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വെള്ളത്തിന്റെ അളവിനൊപ്പം മുന്‍ മാസത്തെ മീറ്റര്‍ റീഡിങും ഇപ്പോഴത്തെ മീറ്റര്‍ റീഡിങും ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ പഴയതുപോലെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്‌പോട്ട് ബില്‍ നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

താന്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അത് സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനത്തിന് മേന്മ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. 

ജല അതോറിറ്റിയുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് എസ്എംഎസ് ബില്ലിങ് നിലവില്‍ വന്നതെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ക്വിക്ക് പേ വഴി പണം അടച്ചാല്‍ 100 രൂപ കുറയും. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കലക്ഷന്‍ സെന്റര്‍ വഴി അടയ്ക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഈ വാര്‍ത്ത വായിക്കാം

അഞ്ച് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ