നിങ്ങൾക്ക് എത്ര മൊബൈൽ കണക്ഷൻ ഉണ്ട്? ഒമ്പതിൽ കൂടുതലാണെങ്കിൽ വിച്ഛേദിക്കപ്പെടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 10:35 AM  |  

Last Updated: 23rd April 2022 10:46 AM  |   A+A-   |  

mobile

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഒരാളുടെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിമിതപ്പെടുത്താൻ കേരളത്തിൽ പ്രത്യേക പോർട്ടലുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ്. ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുണ്ടെങ്കിൽ അവ വിച്ഛേദിക്കാനാണ് തീരുമാനം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അവർ നിലനിർത്താൻ ആ​ഗ്രഹിക്കുന്ന ഒമ്പത് നമ്പറുകൾ തെരഞ്ഞെടുക്കാൻ ടാഫ്കോപ് (TAFCOP, ഫ്രോഡ് മാനേജ്മെന്റിനും ഉപഭോക്തൃ സുരക്ഷിയ്ക്കും വേണ്ടിയുള്ള ടെലികോം അനലിറ്റിക്സ്) എന്ന ഉപഭോക്തൃ പോർട്ടൽ തുടങ്ങും. 

സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ഒരാൾക്ക് നൽകാവുന്ന പരമാവധി മൊബൈൽ കണക്ഷനുകളുടെ എണ്ണം ഒമ്പതാണ്. എന്നാൽ ചില വ്യക്തികളുടെ പേരിൽ ഒമ്പതിലധികം കണക്ഷനുകൾ കണ്ടെത്തിയതോടെയാണ് വിച്ഛേദിക്കാൻ വകുപ്പ് ഒരുങ്ങുന്നത്. ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷൻ ഉള്ളവർക്ക് അവരുടെ പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയിച്ചുകൊണ്ട് ടെലികോം വകുപ്പിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. ഉപഭോക്താക്കൾക്ക് പോർട്ടൽ സന്ദർശിച്ച് ആവശ്യമില്ലാത്ത നമ്പറുകൾ തെരഞ്ഞെടുക്കാം. 

ടാഫ്കോപ് വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഭാഷ തെരഞ്ഞെടുത്തശേഷം ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിലൂടെ ഒടിപി അഭ്യർത്ഥിക്കണം. ഒടിപി സാധൂകരിച്ചശേഷം മൊബൈൽ നമ്പറുകളുടെ ഭാ​ഗികമായി മാസ്ക് ചെയ്ത ലിസ്റ്റ് പോർട്ടലിൽ ലഭിക്കും. ഉപഭോക്താവിന് നമ്പറുകൾക്കായി ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഇത് എന്റെ നമ്പർ അല്ല, അല്ലെങ്കിൽ ഇത് എന്റെ നമ്പർ ആൺ, ആവശ്യമില്ല എന്നിങ്ങനെ ഉപഭോക്താക്കൾക്ക് അവരുടെ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. റിപ്പോർട്ട് ചെയ്തശേഷം ഒരു ടിക്കറ്റ് ഐ ഡി പോർട്ടലിലും എസ്എംഎസ് വഴിയും നൽകും. അതുവഴി പുരോ​ഗതി ട്രാക്ക് ചെയ്യാൻ കഴിയും. 

ഈ വാര്‍ത്ത വായിക്കാം

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ