'ഗുരുവായൂരപ്പന്റെ കടാക്ഷം'; പ്രഥമ അഷ്ടപദി പുരസ്‌കാരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 07:19 PM |
Last Updated: 24th April 2022 07:47 PM | A+A A- |

പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക്. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ഏപ്രിൽ 30 ശനിയാഴ്ച വൈകിട്ട് 7 ന് അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ദേവസ്വം മന്തി കെ രാധാകൃഷ്ണൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
പ്രശസ്ത സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിതിയാണ് പയ്യന്നൂർ കൃഷ്ണമണിമാരാരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നീണ്ട ആറു പതിറ്റാണ്ടിലേറെയായി അഷ്ടപദി ആലാപന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി കൺവീനർ ചെങ്ങറ സുരേന്ദ്രൻ അറിയിച്ചു.
നീണ്ട ആറു പതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ കണ്ണൂര്‍ സ്വദേശിയാണ്. 76കാരനായ അദ്ദേഹത്തെ തേടിയെത്തുന്ന വലിയ പുരസ്‌കാരമാണിത്.
'എനിക്ക് വലിയ സന്തോഷമായി, ശ്രീ ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ കടാക്ഷമായി കാണുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന് നന്ദി'- പുരസ്‌കാര വിവരം അറിഞ്ഞപ്പോള്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെ വാക്കുകള്‍ ഇങ്ങനെ. കണ്ണൂര്‍ നാറാത്തെ വീട്ടിലിരിക്കുമ്പോഴാണ് പുരസ്‌കാരം ലഭിച്ച വിവരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ അറിയുന്നത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ടെലിഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചു.
ക്ഷേത്ര കലകളില്‍ അഗ്രഗണ്യനായിരുന്ന പൊങ്ങിലാട്ട് ശങ്കുണ്ണി മാരാര്‍ നാരായണി മാരസ്യാര്‍ ദമ്പതിമാരുടെ മകനായി കണ്ണൂര്‍ പയ്യന്നൂരില്‍ 1947 ജൂലൈ 12നാണ് ജനനം. പന്ത്രണ്ടാമത്തെ വയസ്സില്‍ അഷ്ടപദി ഗായകനായി. ഓട്ടന്‍തുള്ളലും സോപാന സംഗീതവും ഇടയ്ക്ക വാദനവും പഠിച്ചു. എല്ലാത്തിലും അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരുവും വഴികാട്ടിയും.
സ്‌കൂള്‍ പഠനം തുടര്‍ന്നെങ്കിലും വീട്ടിലെ പ്രാരാബ്ദം കാരണം പത്താം ക്ലാസ് വരെയെ പഠിക്കാനായുള്ളൂ. രാവിലെ ശീവേലി കഴിഞ്ഞ് പയ്യന്നൂര്‍ ഹൈസ്‌ക്കൂളിലെത്തുമ്പോള്‍ മണി പതിനൊന്നാകും. അക്കാലത്ത് കുടുംബം നോക്കേണ്ട ചുമതലയുണ്ട്. അടിയന്തിരവാദ്യക്കാരനായി പോയാല്‍ ഒരു കുടുംബം കഴിയാനുള്ള പടച്ചോറ് ക്ഷേത്രത്തില്‍ നിന്നു കിട്ടും. പ0നമല്ല, അടിയന്തിരമാണ് അന്നത്തെ കാലത്ത് കുടുംബം പോറ്റാന്‍ വലുതെന്ന ആ അറിവാണ് മുന്നോട്ട് നയിച്ചതെന്ന് കൃഷ്ണമണി മാരാര്‍ പറയുന്നു.
28 വയസ്സുവരെ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തുടര്‍ന്നു. അതിനിടയില്‍ കല്യാണം കഴിച്ചു. അഷ്ടപദിയില്‍ മികവ് നേടിയത് ഈ ക്ഷേത്രത്തിലെ സേവന കാലത്താണെന്ന് അദ്ദേഹം പറയുന്നു. 'ഗുരുമുഖത്ത് നിന്നറിഞ്ഞതില്‍ കൂടുതല്‍ ഭഗവാന്റെ അടുത്തു നിന്നാണ് കിട്ടിയത്.സുബ്രഹ്മണ്യസ്വാമി കടാക്ഷിച്ചു'- കൃഷ്ണമണി മാരാര്‍ പറയുന്നു.
പിന്നീട് കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ സോപാന സംഗീത മാരാര്‍സ്ഥാനികനായി അദ്ദേഹം. ഇന്നും അത് നിര്‍വ്വഹിച്ചു പോരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരിലെത്തി അഷ്ടപദി പാടിയിട്ടുണ്ട്. ജനാര്‍ദ്ദനന്‍ നെടുങ്ങാടി ആശാന്റെ അനുഗ്രഹവും ലഭിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
ഈ വാർത്ത വായിക്കാം
ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു; വധു ജില്ലാ കലക്ടര്‍ രേണുരാജ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ