കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമെന്ന് മുഖ്യമന്ത്രി; കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2022 07:12 AM |
Last Updated: 25th April 2022 07:12 AM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്ന് മണി വരെ പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷമാകും പൈങ്കുളത്തേക്ക് കൊണ്ട് പോകുക.
ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ടെ വീട്ടിൽ വച്ച് ശങ്കരനാരായണൻ വിടപറയുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്നു. ശങ്കരനാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണൻ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീർഘകാലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങൾക്ക് വേണ്ടി നിൽക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചത്. ഗവർണ്ണർ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി.
ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍.മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളില്‍ അദ്ദേഹം ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. നിരവധി തവണ കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 1985 മുതല്‍ 2001 വരെയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ചുമതല അദ്ദേഹം നിര്‍വഹിച്ചത്.
ഈ വാർത്ത വായിക്കാം
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ