'ഒരു പ്രോഗ്രാം മര്യാദയ്ക്ക് നടത്താന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് കെ-റെയില്‍ ഓടിക്കുക?'; അറിയിക്കാത്തത് മര്യാദകേടെന്ന് ജോസഫ് സി മാത്യു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2022 02:53 PM |
Last Updated: 25th April 2022 02:56 PM | A+A A- |

ജോസഫ് സി മാത്യു മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് അറിയിക്കാത്തത് മര്യാദകേടെന്ന് ജോസഫ് സി മാത്യു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് തന്നെ സംവാദത്തിലേക്ക് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് താന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. സമയം അനുവദിച്ചുകൊണ്ടുള്ള ഷെഡ്യൂളും കൈമാറിയിരുന്നുവെന്നും ജോസഫ് സി മാത്യു പറഞ്ഞു.
പിന്നീട് സംവാദ പാനലില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ അറിയിക്കേണ്ടത് സാമാന്യ മര്യാദയാണ്. തന്നെ സംവാദത്തില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. രാഷ്ട്രീയ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു. അതിനാലാണ് തന്നെ ഒഴിവാക്കിയത്. സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമല്ലെന്നും, ഇത്തരമൊരു നീക്കം ഉണ്ടായേക്കുമെന്ന് സഹപാനലിസ്റ്റുകളോട് സൂചിപ്പിച്ചിരുന്നു എന്നും ജോസഫ് സി മാത്യു പറഞ്ഞു.
മാധ്യമങ്ങളില്‍ ചര്‍ച്ചയായശേഷവും ഒന്നും വിളിക്കാനോ, പാനലില്‍ നിന്നും മാറ്റിയെന്ന് അറിയിക്കാനോ ഉള്ള ഔചിത്യം പോലും കാണിച്ചില്ല. കാരണം പറഞ്ഞില്ലെങ്കില്‍പ്പോലും വിവരം അറിയിക്കാമായിരുന്നു. പ്രോഗ്രാം സ്റ്റഡി ഉള്‍പ്പെടെ അധികൃതര്‍ തനിക്ക് അയച്ചു തന്നിരുന്നു. കെ റെയിലിനെ സംബന്ധിച്ച് മര്യാദയ്ക്ക് ഒരു പ്രോഗ്രാം നടത്താന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് റെയില്‍ ഓടിക്കുക എന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. ചര്‍ച്ച നടക്കട്ടെ. ചര്‍ച്ച ജനാധിപത്യപരമായി നടക്കുമെന്ന് നമുക്ക് ആഗ്രഹിക്കാമെന്നും ജോസഫ് സി മാത്യു പ്രതികരിച്ചു.
പിന്നില്‍ രാഷ്ട്രീയ കളികൾ: ജോസഫ് സി മാത്യു
സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തു വന്നു. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? കെ റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനം? പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ