സില്‍വര്‍ലൈന്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം; പാനല്‍ അന്തിമമായിട്ടില്ലെന്ന് കെ റെയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2022 10:01 AM |
Last Updated: 25th April 2022 10:01 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍, എതിര്‍ക്കുന്ന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം. പദ്ധതിയെ എതിര്‍ക്കുന്ന മൂന്ന് വിദഗ്ധരില്‍ ഒരാളായിട്ടാണ് പാനലില്‍ നേരത്തെ ജോസഫ് സി മാത്യുവിനെ ഉള്‍പ്പെടുത്തിയത്. അലോക് കുമാര്‍ വര്‍മ, ഡോ. ആര്‍വിജി മേനോന്‍ എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍പ്പെട്ട മറ്റു വിദഗ്ധര്‍.
ജോസഫ് സി മാത്യുവിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. പാനല്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കെ റെയില്‍ സൂചിപ്പിക്കുന്നു. അതേസമയം അലോക് കുമാര്‍ വര്‍മ, ഡോ. ആര്‍ വിജി മേനോന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായതായാണ് സൂചന. സില്‍വര്‍ലൈന്‍ ഡിപിആര്‍ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്ന വിദഗ്ധനാണ് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാവുമാണ് ഡോ. ആര്‍ വി ജി മേനോന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലില്‍ ഉണ്ടായിരുന്ന കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനെയും സംവാദത്തില്‍ നിന്നും ഒഴിവാക്കിയേക്കും. സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഡോ. സജി ഗോപിനാഥിനെ ഒഴിവാക്കുന്നത്. അതേസമയം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് തന്നെ സംവാദത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും, ഒഴിവാക്കുന്നത് സംബന്ധിച്ച് അറിയില്ലെന്നും ജോസഫ് സി മാത്യു പ്രതികരിച്ചു.
സംവാദം ഏപ്രില്‍ 28 ന്
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സംവാദം സംഘടിപ്പിക്കുന്നത്.ഏപ്രില്‍ 28ന് മാസ്‌കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്.പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ, ആര്‍വിജി മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കെ-റെയിലിനു വേണ്ടി റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ പി സുധീര്‍ ആണ് മോഡറേറ്റര്‍. ചര്‍ച്ച കേള്‍ക്കാന്‍ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങള്‍ക്കും ചര്‍ച്ചയിലേക്ക് ക്ഷണമുണ്ട്.
ഈ വാർത്ത വായിക്കാം
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ