അലോക് കുമാര്‍ വര്‍മ പിന്മാറി; പങ്കെടുക്കില്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണനും; സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 04:55 PM  |  

Last Updated: 26th April 2022 05:03 PM  |   A+A-   |  

alok_sridhar

അലോക് വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍/ ഫയല്‍

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ നിന്നും അലോക് കുമാര്‍ വര്‍മ പിന്മാറി. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണനും അറിയിച്ചു. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധര്‍ എന്ന നിലയിലാണ് ഇരുവരേയും സംവാദത്തിലേക്ക് ക്ഷണിച്ചിരുന്നത്. 

പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അലോക് കുമാര്‍ വര്‍മ ചീഫ് സെക്രട്ടറിയെ കത്തു മുഖേന അറിയിച്ചു. താന്‍ ഉന്നയിച്ച നിര്‍ദേശങ്ങളില്‍ മറുപടി ലഭിക്കാത്തതാണ് അലോക് കുമാര്‍ വര്‍മയുടെ പിന്മാറ്റത്തിന് കാരണമായത്. സംവാദത്തില്‍ പങ്കെടുക്കുന്നതിന് സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ സര്‍ക്കാരിന് മുമ്പില്‍ ഉപാധി വെച്ചിരുന്നു.

കെ റെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടത്. സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണം. സംവാദത്തിലേക്ക് തന്നെ ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിനായിരിക്കണം സംവാദത്തിന്റെ നിയന്ത്രണം. സംവാദം നിയന്ത്രിക്കുന്നതിന് സാങ്കേതിക വിദ​ഗ്ധരായ രണ്ട് മോഡറേറ്റര്‍മാര്‍ വേണം.

സംസ്ഥാന സര്‍ക്കാരിന്റേയും റെയില്‍വേയുടേയും പ്രതിനിധികള്‍ സംവാദത്തിന്റെ ഭാഗമാകണം. ശ്രോതാക്കളായി എത്തുന്നവരില്‍ സാധ്യതാ പഠനം നടത്തിയവരും ഡിപിആര്‍ പഠനം നടത്തിയവരും ഉണ്ടാകണം. അവര്‍ക്ക് മറുപടി പറയാനുള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചിരുന്നു.സര്‍ക്കാരിന് പകരം കെ റെയില്‍ ക്ഷണക്കത്ത് അയച്ചതിലും അലോക് കുമാര്‍ വര്‍മ അതൃപ്തി അറിയിച്ചു. 

ജോസഫ് സി മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത നടപടി അനുചിതമാണെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇത് ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്നും അലോക് വര്‍മ വിമര്‍ശിച്ചു.

ജോസഫ് സി മാത്യുവിന് പകരമാണ് പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണനെ സംവാദ പാനലില്‍ ഉള്‍പ്പെടുത്തിയത്. കള്ളന്മാര്‍ നടത്തുന്ന പരിപാടിക്ക് പോയിട്ട് എന്തുകാര്യമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പദ്ധതിയെ എതിര്‍ക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നതെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ ഇനി ഡോ. ആര്‍വിജി മേനോന്‍ മാത്രമാണ് അവശേഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് 50 പേര്‍ പങ്കെടുക്കുന്ന സംവാദം നടത്തുന്നത്. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍.

കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം (എന്‍ജിനീയറിങ്) സുബോധ് കുമാര്‍ ജെയിന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍നായര്‍, ഡോ. കുഞ്ചെറിയ പി ഐസക് എന്നിവര്‍ സംസാരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

റമ്മി കളിച്ച് തുലച്ചത് 20 ലക്ഷത്തോളം; വിവാഹത്തിനുള്ള സ്വര്‍ണവും പണയപ്പെടുത്തി; ബിജിഷയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ ഗെയിം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ