കോഴിക്കോട്: കൊയിലാണ്ടി ചേലിയ മലയില്‍ ബിജിഷയുടെ മരണത്തിന് കാരണം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതു മൂലമെന്ന് കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ബിജിഷ നടത്തിയത്. 20 ലക്ഷത്തോളം രൂപയാണ് യുവതിക്ക് നഷ്ടമായതെന്നും അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.
കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായത്. ആദ്യം ചെറിയരീതിയിലുള്ള ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ വന്‍ തിരിച്ചടി നേരിട്ടു. തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടു. വിവാഹത്തിനായി വീട്ടുകാര്‍ കരുതി വെച്ചിരുന്ന സ്വര്‍ണം അടക്കം പണയം വച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്ക് അടക്കം യുവതിയെ മോശമായി ചിത്രീകരിച്ച് സന്ദേശങ്ങള്‍ അയച്ചു.
ഇതെല്ലാം ബിജിഷയുടെ ആത്മഹത്യയ്ക്ക് കാരണമായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ സജീവമായിരുന്നു. ഇവരില്‍നിന്നും അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബര്‍ 12നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത യുവതിയുടെ ആകസ്മിക മരണം വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണെന്നോ ആര്‍ക്കു വേണ്ടിയാണെന്നോ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. ബിജിഷയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ