തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിൽ പിൻമാറേണ്ടി വരുമെന്ന് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ. സംവാദത്തിലേക്ക് ക്ഷണിച്ചുള്ള കത്താണ് അലോക് വർമയുടെ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സംവാദം അനിശ്ചിതത്വത്തിലായി.
സംവാദത്തിന് ക്ഷണിച്ചുകൊണ്ട് അലോക് വർമയടക്കമുള്ളവർക്ക് കത്തയച്ചത് കെ റെയിലാണ്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സംവാദം നടത്തേണ്ടത് സർക്കാരാണെന്നും ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ ആണ് കത്തയക്കേണ്ടതെന്നും അലോക് വർമ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
തനിക്ക് വന്ന ക്ഷണക്കത്തിൽ പറഞ്ഞ വാചകങ്ങൾ ഏകപക്ഷീയമാണെന്ന് അദ്ദേഹം പറയുന്നു. ഈ വലിയ പദ്ധതിയുടെ ഗുണവശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ച എന്നാണ് കത്തിൽ പറയുന്നത്. ഇത് ഏകപക്ഷീയ നിലപാടാണ്. മുൻകൂട്ടി തീരുമാനിച്ച ചർച്ചയിൽ നിന്ന് സർക്കാർ പിൻമാറി കെ റെയിലിനെ എൽപ്പിച്ചതോടെ ഒരു ചടങ്ങ് തീർക്കൽ മാത്രമായി സംവാദം ചുരുങ്ങി. അതിന്റെ ഗൗരവ സ്വഭാവം നഷ്ടമായി.
ഇക്കാര്യം വ്യക്തമാക്കിയുള്ള ക്ഷണക്കത്ത് തന്നെ മാറ്റണം. ഒന്നുകിൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ സർക്കാർ പ്രതിധിനികൾ ആരെങ്കിലും കത്തയക്കണം. ഇന്ന് ഉച്ചയ്ക്ക് മുൻപ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അല്ലാത്തപക്ഷം സംവാദത്തിൽ നിന്ന് പിൻമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമ അതൃപ്തി അറിയിച്ചു.
പാനലിൽ നിന്ന് കഴിഞ്ഞ ദിവസം ജോസഫ് സി മാത്യുവിനെയും ഡോ. സജി ഗോപിനാഥിനെയും ഒഴിവാക്കിയിരുന്നു. ജോസഫ് സി മാത്യുവിന് പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണനെ ആണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സജി ഗോപിനാഥിന് പകരം ഡോ. കുഞ്ചെറിയ പി ഐസക്കും പാനലില്‍ ഇടംപിടിച്ചു. പുതിയ പാനലിന്റെ പട്ടിക കെ റെയില്‍ അധികൃതര്‍ പുറത്തു വിട്ടിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നാണ് സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ജോസഫ് സി മാത്യുവിന്റെ ഒഴിവാക്കലിന് പിന്നിലെന്നാണ് സൂചന.
സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരുടെ പാനലില്‍ ഡോ. ആര്‍വിജി മേനോന്‍, അലോക് വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഉണ്ടാകുക. സില്‍വര്‍ലൈന്‍ ഡിപിആര്‍ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്ന വിദഗ്ധനാണ് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ. പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍നിര നേതാവുമാണ് ഡോ. ആര്‍ വി ജി മേനോന്‍.
സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലില്‍ നിന്നു കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനെയും ഒഴിവാക്കി. പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്കിനെ ഉൾപ്പെടുത്തി. മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ശാസ്ത്ര–സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ പി സുധീറിനെയും പാനലിൽ നിന്ന് ഒഴിവാക്കി. ദേശീയ റെയിൽവേ അക്കാദമിയിലെ വകുപ്പു മേധാവി മോഹൻ എ മേനോനാണ് പുതിയ മോഡറേറ്റർ.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സംവാദം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിൽവെച്ചാണ് പരിപാടി നടക്കുക. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിലാണ് സംവാദം സംഘടിപ്പിച്ചിട്ടുള്ളത്.
കെ-റെയിൽ പദ്ധതിക്ക് വേണ്ടി റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം (എന്‍ജിനീയറിങ്) സുബോധ് കുമാര്‍ ജെയിന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍നായര്‍, ഡോ. കുഞ്ചെറിയ പി ഐസക്, എന്നിവര്‍ സംസാരിക്കും. പദ്ധതിയെ എതിർത്ത് അലോക് വർമ, ആർവിജി മേനോൻ, ശ്രീധർ രാധാകൃഷ്ണൻ എന്നിവരും പങ്കെടുക്കും. ചര്‍ച്ച കേള്‍ക്കാന്‍ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങള്‍ക്കും ചര്‍ച്ചയിലേക്ക് ക്ഷണമുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates