നിര്‍മ്മാതാവ് ഒളിവില്‍, സ്വര്‍ണം എത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഗള്‍ഫ് യാത്ര; ലീഗ് നേതാവിന്റെ മകന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി

ഗള്‍ഫിലേക്ക് കടന്ന സിറാജുദ്ദീനെതിരെ വാറണ്ട് പുറപ്പെടുവിക്കാനും വിദേശമന്ത്രാലയത്തെ സമീപിക്കാനുമാണ് കസ്റ്റംസിന്റെ തീരുമാനം
കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണവും, ഇറച്ചിവെട്ട് യന്ത്രവും
കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണവും, ഇറച്ചിവെട്ട് യന്ത്രവും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചി വെട്ടു യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ സിനിമാ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും ഒളിവിലെന്ന് കസ്റ്റംസ്. സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദിന്റെയും നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. വിദേശത്തേക്ക് കടന്ന സിറാജുദ്ദീനെ തിരികെ നാട്ടിലെത്തിക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. 

സ്വര്‍ണം എത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് സിറാജുദ്ദീന്‍ ഗള്‍ഫിലേക്ക് പോയിട്ടുള്ളത്. സിറാജുദ്ദീന്‍ ആണ് സ്വര്‍ണം അയച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. ഗള്‍ഫിലേക്ക് കടന്ന സിറാജുദ്ദീനെതിരെ വാറണ്ട് പുറപ്പെടുവിക്കാനും വിദേശമന്ത്രാലയത്തെ സമീപിക്കാനുമാണ് കസ്റ്റംസിന്റെ തീരുമാനം. 

തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഷാബിന്‍ മുമ്പ് നഗരസഭയില്‍ കോണ്‍ട്രാക്ട് ജോലികള്‍ എടുത്തു നടത്തുകയായിരുന്നു. പിതാവ് നഗരസഭ വൈസ് ചെയര്‍മാന്‍ ആയതോടെ, ആക്ഷേപം ഉയരാനിടയുള്ളത് കണക്കിലെടുത്ത് ഈ ജോലി ഉപേക്ഷിച്ചു. പിന്നീട് ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞു. ഇതിനിടെ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് ബിസിനസ് സ്ഥാപനവും നടത്തിയിരുന്നു. 

വലിയ സാമ്പത്തിക നിലയുള്ളവരായിരുന്നില്ല സിറാജുദ്ദീനും ഷാബിനും. അടുത്ത കാലത്താണ് ഇരുവരും വലിയ വളര്‍ച്ച നേടിയതും ബിസിനസ് വിപുലീകരിച്ചതും. ബിസിനസ് രംഗത്ത് ഇരുവരുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയേയും സംശയത്തോടെയാണ് അധികൃതര്‍ വീക്ഷിക്കുന്നത്. സിറാജുദ്ദിന്റെയും ഷാബിന്റെയും വീടുകളില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും വീടുകളില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചതായി കസ്റ്റംസ് സൂചിപ്പിച്ചു.

സിറാജുദ്ദീനും ഷാബിനും ചേര്‍ന്ന് മുന്‍പും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. വിവിധ യന്ത്രഭാഗങ്ങള്‍ നാട്ടിലേക്കു കൊണ്ടുവരുന്നുവെന്ന പേരിലായിരുന്നു സ്വര്‍ണക്കടത്ത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറച്ചിവെട്ടു യന്ത്രത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാല്‍ കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചത്. ദുബായില്‍നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കാര്‍ഗോ വിമാനത്തിലായിരുന്നു സ്വര്‍ണം എത്തിയത്.  

പാര്‍സല്‍ ഏറ്റുവാങ്ങാന്‍ എത്തിയ വാഹന ഡ്രൈവര്‍ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതില്‍ നിന്നാണു മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്. സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ കൊണ്ടുവരാന്‍ പോയത് ഷാബിനും ഡ്രൈവര്‍ നകുലും ചേര്‍ന്നാണെന്നും, ഡ്രൈവര്‍ പിടിയിലായതോടെ ഷാബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. അതേസമയം മകന്‍ നിരപരാധിയാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിം കുട്ടി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ ആക്ഷേപം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com