വിജയ് ബാബുവിന് എതിരായ പീഡന പരാതി; നിയമോപദേശം തേടി 'അമ്മ', നാളെ യോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 03:19 PM  |  

Last Updated: 30th April 2022 03:23 PM  |   A+A-   |  

Vijay Babu on bail plea

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി: നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിയമോപദേശം തേടി അഭിനേതാക്കളുടെ സംഘടന 'അമ്മ'. നാളെ കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. 

വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി അമ്മ എക്‌സിക്യൂട്ടീവിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. നിയമോപദേശം കൂടി കിട്ടിയശേഷമായിരിക്കും നടപടി തീരുമാനിക്കുക. സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. 

പീഡന പരാതി ഉയര്‍ത്തിയ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ, ഡബ്ല്യുസിസി അടക്കമുള്ളവര്‍ 'അമ്മ'യ്ക്ക് എതിരെ രംഗത്തുവന്നിരുന്നു. അടിയന്തരമായി വിജയ് ബാബുവിനെ പുറത്താക്കണമെന്നാണ് ആവശ്യം. 

അതേസമയം, വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.

ബലാത്സംഗ പരാതിയില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിന് എതിരായ പുതിയ മീടു ആരോപണത്തില്‍ പൊലീസിനു പരാതി ലഭിച്ചിട്ടില്ല. 
സോഷ്യല്‍ മീഡിയയില്‍ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം വിജയ് ബാബുവിന് എതിരെ പുതിയ പരാതി ലഭിച്ചിട്ടില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സമല്ല: കമ്മിഷണര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ