തൃക്കാക്കര ജയിക്കുമെന്ന പ്രതീക്ഷ ഒരു ഘട്ടത്തിലും ഇല്ലായിരുന്നു: പി രാജീവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 11:57 AM  |  

Last Updated: 01st August 2022 11:57 AM  |   A+A-   |  

p_rajeev

പി രാജീവ് /ഫയല്‍

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര ശക്തമായ കോണ്‍ഗ്രസ് കോട്ടയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു ഉപതെരഞ്ഞെടുപ്പ്. അവിടെ അവര്‍ തോറ്റിരുന്നുവെങ്കില്‍ ഇതിനകം യുഡിഎഫ് തരിപ്പണമായേനയെന്ന്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സ് പരിപാടിയില്‍ പി രാജീവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ കോട്ടയായ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. അത് രാഷ്ട്രീയമായി ശരിയായിരുന്നു. എല്‍ഡിഎഫ് വോട്ടു വിഹിതം കുറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു തെറ്റു പറ്റിയെന്ന വിമര്‍ശനത്തില്‍ കാര്യമുണ്ടെന്നു പറയാം. എങ്കിലും ചില വിഭാഗങ്ങളിലേക്ക് ഞങ്ങള്‍ക്ക് എത്തിപ്പെടാനായില്ലെന്നതു സമ്മതിക്കുന്നു. പിന്നെ ഉപതെരഞ്ഞെടുപ്പുകള്‍ക്കു പതിവിലേറെ മാധ്യമ ശ്രദ്ധ കിട്ടും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലോക്കല്‍ റാലിയില്‍ പ്രസംഗിച്ചാല്‍ ഹൈ വോള്‍ട്ടേജ് പ്രചാരണം എന്നു വിമര്‍ശിക്കും, എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടി കുടുംബ യോഗത്തില്‍ പങ്കെടുത്താല്‍ മാധ്യമങ്ങളുടെ പ്രശംസയാണ് കിട്ടുക. അതാണ് വ്യത്യാസം - രാജീവ് പറഞ്ഞു.

തൃക്കാക്കരയില്‍ ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് കൂട്ടായ തീരുമാനമാണ്. അരുണ്‍ കുമാറിനെ ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല. ചിലയിടത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അരുണ്‍ കുമാറിന്റെ ചുവരെഴുത്ത് നടത്തിയത് വാര്‍ത്താ ചാനലുകള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പത്തെത്തുടര്‍ന്നാണെന്ന് രാജീവ് പറഞ്ഞു. 

തൃക്കാക്കരയിലെ പരാജയം പാര്‍ട്ടി പരിശോധിച്ചുവരികയാണ്. പരാജയത്തില്‍ തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജില്ലയില്‍ നിന്നുള്ള ഏക മന്ത്രി എന്ന നിലയ്ക്കാവാം അതെന്ന് രാജീവ് മറുപടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കളമശേരി ബസ് കത്തിക്കല്‍ കേസ് രണ്ട് പ്രതികള്‍ക്ക് 7 വര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ