കളമശേരി ബസ് കത്തിക്കല്‍ കേസ് രണ്ട് പ്രതികള്‍ക്ക് 39.5 വര്‍ഷം തടവ്; 1.75 ലക്ഷം രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 11:52 AM  |  

Last Updated: 01st August 2022 12:20 PM  |   A+A-   |  

kalamassery_bus_fire

ഫയൽ ചിത്രം

 

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് 39. 5 വര്‍ഷമാണ് കഠിനതടവ്. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ഇനി ഏഴുവര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. 

മറ്റൊരു പ്രതി താജുദ്ദീന് 35 വര്‍ഷം തടവുശിക്ഷയും വിധിച്ചു. റിമാന്‍ഡ് കാലാവധി ഒഴിവാക്കി ആറ് വര്‍ഷമാണ് താജുദ്ദീന് ജയിലില്‍ കഴിയേണ്ടിവരിക. കേസില ഒന്നാം പ്രതി തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റുരണ്ട് പ്രതികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ് പിഴ. ഈ കേസിലെ ശിക്ഷ കഴിഞ്ഞാലും പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല. മറ്റ് പല കേസുകളിലും ഇവര്‍ തടവിലാണ്.

മൂന്നുപേരും എന്‍ഐഎ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെഎ അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാള്‍ മരിച്ചു.

2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മഅ്ദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. അനൂപ് ഒഴികെയുള്ള പ്രതികള്‍ പല കേസുകളിലായി തടവില്‍ തുടരുന്നതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ