സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ചെറുമിന്നല്‍ പ്രളയത്തിനും സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 06:13 AM  |  

Last Updated: 01st August 2022 06:13 AM  |   A+A-   |  

kerala rain

ചിത്രം: എഎഫ്പി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും.

ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ കനക്കുന്നത്. നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. 

തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ്.  ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ട്രോളിംഗ് അര്‍ധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.