കോട്ടയത്ത് സ്ഥിതി ഗുരുതരം, മൂന്നിലവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍?; കൂട്ടിക്കല്‍ ചപ്പാത്തില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു, ഈരാറ്റുപേട്ട നഗരത്തില്‍ വെള്ളം കയറി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 04:41 PM  |  

Last Updated: 01st August 2022 04:41 PM  |   A+A-   |  

rain

കോട്ടയത്ത് കനത്തമഴയില്‍ പുഴ കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യം

 

തിരുവനന്തപുരം:   കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ മഴ ഇന്നും ശക്തമായി തുടരുന്നു. രാത്രിയില്‍ മഴ കുറച്ച് ശമിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും ശക്തമായി. ഗുരുതരമായ സാഹചര്യമാണ് കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ നിലനില്‍ക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം മൂന്നിലവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയിക്കുന്നു. ഇന്നലെ വാകക്കാട് തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ടൗണില്‍ വെള്ളം കയറിയിരുന്നു. ഇന്ന് രാവിലെയോടെ ടൗണില്‍ നിന്ന് വെള്ളം പിന്‍വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഉച്ചയോടെ വീണ്ടും ടൗണില്‍ വെള്ളം കയറുകയായിരുന്നു. മൂന്നിലവില്‍ 11 പേരടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. 

ഏന്തയാര്‍ മൂപ്പന്‍മല ഭാഗത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കൂട്ടിക്കല്‍ സ്വദേശി ഒഴുക്കില്‍പ്പെട്ടു. കൂട്ടിക്കല്‍ ചപ്പാത്തില്‍ പ്രദേശവാസിയായ റിയാസാണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴ തുടരുന്നത് മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. കയര്‍ കെട്ടി ചപ്പാത്തിലൂടെ ഒഴുകി വരുന്നത് ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കലില്‍ ജാഗ്രത കര്‍ശനമാക്കി. പുല്ലുകയാറില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂട്ടിക്കല്‍ ചപ്പാത്തില്‍ വെള്ളം കയറിയത്. മഴ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതാ മേഖലയിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മീനച്ചിലാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരത്തിലും വെള്ളം കയറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അഞ്ചു ജില്ലകളില്‍ നാളെ അവധി; സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ