പുഴകള്‍ കരകവിയുന്നു; ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലേക്ക്; റോഡുകളും പാലങ്ങളും വെള്ളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 11:15 AM  |  

Last Updated: 02nd August 2022 11:24 AM  |   A+A-   |  

muvattupuzha

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നീ നദികളില്‍ അപകട നിലയും കടന്ന് വെള്ളം ഒഴുകുകയാണ്. മണിമലയാറും കരമനയാറും കരകവിഞ്ഞൊഴുകുന്നു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. പാലക്കാട് ഗായത്രിപ്പുഴയും കരകവിഞ്ഞു. 

സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നിവിടങ്ങളിലാണ് പ്രളയ സാധ്യത മുന്നറിയിപ്പുള്ളത്. കേന്ദ്ര ജലക്കമ്മീഷനാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം പാലാ കൊട്ടാരമറ്റം ഭാഗം വെള്ളത്തില്‍ മുങ്ങി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും വീടുകളിലും വെള്ളം കയറി. കൂട്ടിക്കല്‍ മ്ലാക്കരയില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് കുടുങ്ങിയ മൂന്ന് കുടുംബങ്ങളിലെ 10 പേരെ രക്ഷപ്പെടുത്തി. 

പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലുവശിവക്ഷേത്രം മുങ്ങി. ആലുവ മൂന്നാര്‍ റോഡിലും വെള്ളം കയറി. ഏലൂര്‍ കുട്ടിക്കാട്ടുകരയില്‍ പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് 40 കുടുംബങ്ങളെ മാറ്റി. കോതമംഗലം ടൗണും, തങ്കളം ബൈപ്പാസും മണികണ്ഠന്‍ചാലും കുടമുണ്ട പാലവും വെള്ളത്തിലായി. വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കൊച്ചങ്ങാടിയില്‍ നിന്ന് ആളുകലെ മാറ്റിപാര്‍പ്പിച്ചു. പാലക്കാട് ഗായത്രിപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. 

നെല്ലിയാമ്പതിയില്‍ കനത്തമഴയില്‍ നൂറടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചെറുനെല്ലിയിലും ഇരുമ്പുപാലത്തിനും സമീപം മണ്ണിടിഞ്ഞു. കൊല്ലം കുളത്തൂപ്പുഴ 50 ഏക്കര്‍ പാലത്തില്‍ വെള്ളം കയറി. അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്കം രൂക്ഷമാണ്. തലവടി, മുട്ടാര്‍ പഞ്ചായത്തുകളില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 100 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പാനദി ആറന്മുള ഭാഗത്ത് കരകവിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ നീരൊഴുക്ക് കൂടി. കുറ്റിയാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

അഗസ്ത്യവനത്തിലും കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകര്‍ന്നു. ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടു. ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീക്ക് ഗുരുതരപരിക്കേറ്റു. മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകര്‍ന്ന് വലിയപാടം വീട്ടില്‍ ആലീസ് ജോയിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മണലാരു എസ്‌റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് നെല്ലിയാമ്പതി നൂറടിപുഴയോരത്തു താമസിക്കുന്നവരെ മാറ്റി. നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

അതീതീവ്ര മഴ തുടരും; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴക്കെടുതിയില്‍ ഇന്ന് മൂന്നുമരണം; പ്രളയമുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ