ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല; ആലപ്പുഴ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജ സ്ഥാനമേറ്റു

ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ  2018-2019 കാലഘട്ടത്തിൽ ആലപ്പുഴ സബ് കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്നു
കൃഷ്ണ തേജ/ ഫെയ്‌സ്ബുക്ക് ചിത്രം
കൃഷ്ണ തേജ/ ഫെയ്‌സ്ബുക്ക് ചിത്രം

ആലപ്പുഴ : ആലപ്പുഴ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജ ചുമതലയേറ്റു. ചുമതല കൈമാറ്റത്തിനായി കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. പകരം എഡിഎമ്മാണ് പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറിയത്. ആലപ്പുഴ ജില്ലയുടെ 55-മത് കലക്ടറാണ് കൃഷ്ണതേജ. ശ്രീറാമിനെ ചുമതലയേറ്റ് ഏഴാം ദിവസമാണ് കലക്ടര്‍ പദവിയില്‍ നിന്നും മാറ്റുന്നത്. 

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും, കേരള മുസ്ലിം ജമാഅത്ത് അടക്കമുള്ള മുസ്ലിം സംഘടനകളും പ്രതിഷേധിച്ചിരുന്നു.

ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട് തികയുന്ന ദിവസമാണ് ശ്രീറാമില്‍ നിന്നും കൃഷ്ണ തേജ കലക്ടറുടെ ചുമതല ഏറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ  2018-2019 കാലഘട്ടത്തിൽ ആലപ്പുഴ സബ് കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇരു പ്രളയകാലത്തും ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപിച്ച് കൃഷ്ണതേജ ശ്രദ്ധനേടിയിരുന്നു.പ്രളയ ദുരിതബാധിതരെ സഹായിക്കാൻ 'ഐ ആം ഫോർ ആലപ്പി' എന്ന കാമ്പയിനിന്റെ പിറവി കൃഷ്ണതേജയിൽ നിന്നായിരുന്നു. 

ഇതിലൂടെ ഗൃഹോപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് വള്ളം, വല, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സഹായമാണ് ജില്ലയിലേക്ക് എത്തിയത്. റാമോജി ഗ്രൂപ്പ് ആലപ്പുഴയിലെ പ്രളയാബാധിത പ്രദേശങ്ങളിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ നിർമ്മാണത്തിനും മറ്റുമായി ചുക്കാൻ പിടിച്ചത് കൃഷ്‌ണതേജ ആയിരുന്നു. 

പിന്നീട് ടൂറിസം ഡയറക്ടറായപ്പോൾ കെടിഡിസിയുടെ കളപ്പുരയിലെ ഗസ്റ്റ് ഹൗസിനേട് ചേർന്ന് 'ട്രിപ്പിൾ ലാൻഡ്' പദ്ധതി നടപ്പാക്കി. 2018ൽ നെഹ്രുട്രോഫിയുടെ പ്രധാന സംഘാടകനായിരുന്നു. കലക്ടർ പദവിയിൽ നിന്നും ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് ജനറൽ മാനേജരായാണ് മാറ്റി നിയമിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com