മുല്ലപ്പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു; 10 ഷട്ടറുകളിലൂടെ 1870 ക്യുസെക്‌സ് ജലം പുറത്തു വിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 04:25 PM  |  

Last Updated: 05th August 2022 04:25 PM  |   A+A-   |  

mullaperiyar opened

ഫയല്‍ ചിത്രം

 

വള്ളക്കടവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറക്കും. നാല് ഷട്ടറുകള്‍ (V1, V5, V6 &V10) കൂടെ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 1870 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് ഷട്ടറുകള്‍ തുറക്കുക. 

ഇതോടെ മുല്ലപ്പെരിയാറില്‍ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം പത്താകും. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. 

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) കൂടാതെ, വൈകീട്ട് മൂന്നുമണി മുതല്‍  മൂന്ന് ഷട്ടറുകള്‍ (V7,V8 & V9) കൂടി തുറക്കുകയായിരുന്നു. ഇപ്പോള്‍ 1068 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ