കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാ​ഗ്രത തുടരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 06:30 AM  |  

Last Updated: 05th August 2022 06:30 AM  |   A+A-   |  

kerala rain update

ചിത്രം: എക്‌സ്പ്രസ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.

അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും  മഴ തുടരും. മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്.

ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്നലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9  സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതൽ ടീമുകളെ  ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ സ്‌ കോപ്‌സ്  എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വരും ദിവസങ്ങളിലും മഴ തുടരും: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ