കുഴികള്‍ അടയ്ക്കാതെ ടോള്‍ പിരിക്കരുത്, കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് വിഡി സതീശന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 02:28 PM  |  

Last Updated: 06th August 2022 02:28 PM  |   A+A-   |  

vd satheesan

വിഡി സതീശന്‍/ ഫയല്‍

 

തിരുവനന്തപുരം: ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡുകള്‍ നന്നാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് സതീശന്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് സതീശന്റെ പ്രതികരണം. 

മുന്‍പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ ചെയ്യുമായിരുന്നു. ഇപ്പോള്‍ കരാറുകാരാണ് അത് ചെയ്യേണ്ടത്. നിരുത്തരവാദപരമായ സമീപനമാണ് പ്രശ്‌നം സൃഷ്ടിച്ചത്. കേരളം മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളില്‍ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണമെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

''ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മണ്‍സൂണിനു മുന്‍പേ കൃത്യമായി ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല.''- സതീശന്‍ പറഞ്ഞു. ഹൈവേ നന്നാക്കാതെയും കുഴികള്‍ അടയ്ക്കാതെയും ഒരു കാരണവശാലും ടോള്‍ പിരിക്കരുതെന്ന് തൃശൂര്‍ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാന്‍ പോവുകയാണെന്ന് സതീശന്‍ പറഞ്ഞു.

ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ദേശീയ പാതയില്‍ മാത്രമല്ലല്ലോ കുഴിയുള്ളത്. ദേശീയപാതാ അതോറിറ്റി അതു ചെയ്തില്ലെങ്കില്‍ അവരെക്കൊണ്ട് ചെയ്യിക്കേണ്ടത് ആരാണ്? നാട്ടുകാരാണോ? കേരള സര്‍ക്കാരും പൊതുമരാമത്ത് വകുപ്പുമാണ് അത് ചെയ്യിക്കേണ്ടത്- സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ