മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍
മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

ഗുരുതരമായ മരുന്നു ക്ഷാമം സര്‍ക്കാരിനെ പലതവണ അറിയിച്ചു; ഉത്തരവാദിത്തം ഡോക്ടര്‍മാരെ അടിച്ചേല്‍പ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ  കെജിഎംഒഎ

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ.
Published on

കോഴിക്കോട്: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്‌നങ്ങളും മന്ത്രിയെ നേരിട്ട് തന്നെ അറിയിച്ചതാണെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പല പ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വര്‍ധനവിന് ആനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്നത് ഗുരുതര സാഹചര്യമാണ്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കുന്നില്ല. ആശുപത്രി മേധാവികള്‍ മറ്റു ഫണ്ടുകള്‍ കണ്ടെത്തി മരുന്നുകള്‍ വാങ്ങണം എന്ന നിലവിലെ നിര്‍ദേശം. അത് തീര്‍ത്തും അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ച് ആരോഗ്യ വകുപ്പിന് കൈകഴുകയാണ്. ഇത്തരം നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങളല്ല നിലവിലുള്ളത്. മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് കൊടുത്തതിനു ശേഷം മറ്റു മാര്‍ഗങ്ങളിലൂടെ മരുന്നുകള്‍ വാങ്ങുന്നതും, മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികള്‍ക്ക് ഓഡിറ്റ് തടസങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകള്‍ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണം

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവെ ഡോക്ടര്‍മാരുടേതുള്‍പ്പടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. ഡോക്ടര്‍മാരുടെ നൂറ്റമ്പതോളം ഒഴിവുകള്‍ ദീര്‍ഘനാളായി നികത്താതെ നില്‍ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്ന വര്‍ഷകാല സമയത്ത് അധിക ഡോക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന രീതിയും ഈ വര്‍ഷം ഉണ്ടായിട്ടില്ല.

ഒ പി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികള്‍ ഉള്ള ഡോക്ടര്‍മാര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒ പി യില്‍ ഉണ്ടായിട്ടും ഇന്നലെ മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവല്ലയില്‍ നടന്ന സംഭവങ്ങള്‍ അമിത ജോലിഭാരം ആത്മാര്‍ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണ്.

അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തി ബലിയാടാക്കുന്ന സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹവും സാമാന്യനീതിക്കു നിരക്കാത്തതും ആണ്. ഇതില്‍ സംഘടന ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ: ടി എന്‍ സുരേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com