കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ഇനി വേണ്ട!; ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ഹമ്മര്‍ 

ഫ്‌ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ പൊളിക്കും
ഹമ്മര്‍ , മുഹമ്മദ് നിഷാം
ഹമ്മര്‍ , മുഹമ്മദ് നിഷാം

തൃശൂര്‍: ഫ്‌ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ പൊളിക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്.ആര്‍സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഇതു പൊളിക്കും. 

തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഇപ്പോള്‍ നിഷാമിന്റെ വാഹനമുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്.ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടര്‍വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കിയിട്ടുണ്ട്. കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ലോറിയും പൊളിക്കുന്നതില്‍ ഉള്‍പ്പെടും. 

കൊലക്കേസുകളില്‍ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനവും ഇനി പ്രതിപ്പട്ടികയിലുണ്ടാകും. വാഹനം വാടകക്കെടുത്തതാണെങ്കിലും ഇതേ നടപടിയുണ്ടാകും.നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കൂ. എന്നാല്‍, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

2015 ജനുവരി 29ന് പുര്‍ച്ചെ മൂന്നോടെ ശോഭ സിറ്റി അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് തന്റെ ആഡംബര കാറായ ഹമ്മര്‍ ഉപയോഗിച്ചാണ്‌ നിഷാം കൊലപ്പെടുത്തിയത്. കേസില്‍ വ്യവസായിയായ നിഷാമിന് തൃശൂര്‍ കോടതി ജീവപര്യന്തം കഠിന തടവും 24 വര്‍ഷം അധിക തടവുമാണ് വിധിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com