'ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്ക്; പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശം'; കെ ടി ജലീലിനെതിരെ വി ഡി സതീശന്‍

'പാക് 'അധിനിവേശം'കാശ്മീരില്‍ മാത്രമല്ല കെ ടി ജലീലിന്റെ മനസ്സിലും ഉണ്ടായിട്ടുണ്ട്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്നും, ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച മുന്‍മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ്. ജമ്മു കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് കെ ടി ജലീല്‍ വിളിച്ചത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 

പാകിസ്ഥാന്‍ നയതന്ത്രവേദികളില്‍ ഉപയോഗിക്കുന്ന വാക്കാണ് ആസാദ് കശ്മീര്‍. ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം നയതന്ത്രവേദികളില്‍ ഉപയോഗിക്കുന്നത് പാക് അധീന കശ്മീര്‍ എന്നാണ്. നമ്മുടെ കശ്മീരിനെയാണ് ജലീല്‍ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നു വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ നയതന്ത്ര വേദികളില്‍ ഉന്നയിക്കുന്ന വാദമാണ് ജലീലും നടത്തിയിട്ടുള്ളത്. 

ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്കാണ് ജലീലില്‍ നിന്നും ഉണ്ടായത്. ദേശതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രയോഗമാണിത്. നമ്മുടെ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എങ്ങനെ ഒരു ഇന്ത്യാക്കാരന് വിളിക്കാന്‍ പറ്റുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ജലീല്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. സിപിഎമ്മിന്റെയോ, മുഖ്യമന്ത്രിയുടെയോ അറിവോടെയാണോ കെ ടി ജലീലിന്റെ പരാമര്‍ശമെന്ന് അവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

കെ ടി ജലീലിന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും രംഗത്തെത്തി. പാക് 'അധിനിവേശം'കാശ്മീരില്‍ മാത്രമല്ല കെ ടി ജലീലിന്റെ മനസ്സിലും ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് അദ്ദേഹം പോസ്റ്റില്‍ ഉപയോഗിച്ച വാക്കുകളില്‍ ഒരു 'പാക് ചുവ' വന്നിരിക്കുന്നത്.

അതിന്റെ അന്തസത്ത രാജ്യ വിരുദ്ധതയാണ്. മുഖ്യമന്ത്രി പാല്‍പ്പായസം കൊടുത്തയച്ചിരുന്ന ഒരു മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ ഒരാളാണ് ദീര്‍ഘമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ 'ആസാദ് കാശ്മീര്‍' 'ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍' പോലുള്ള തീവ്രവാദ സ്വഭാവമുള്ള കാഴ്ച്ചപ്പാടും പദങ്ങളും മുന്നോട്ട് വെക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് പറയണം. ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com