കൂടത്തായി കൊലപാതക പരമ്പര: രണ്ട് കേസുകൾ കോടതി ഇന്ന് പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2022 07:33 AM |
Last Updated: 16th August 2022 07:33 AM | A+A A- |

ജോളി /ഫയല്‍ ചിത്രം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി കൊലക്കേസുകൾ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. പ്രതിയായ ജോളി ജയിലിൽ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷൻ ഹർജിയും ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഴുവൻ കേസുകളും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊലക്കേസുകൾ ഈ മാസം 31ന് പരിഗണിക്കും.
കൂടത്തായി പൊന്നാമറ്റം വീട്ടിൽ പതിനാറ് വർഷത്തിനിടയിൽ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തിൽ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകൻ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരൻ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
2011 ഒക്ടോബർ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭർത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോർട്ടം ചെയ്തത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ