കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. അതിനാൽ ഈ കേസിൽ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വിവാദമായത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും കോടതി നിരീക്ഷിക്കുന്നു. പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.
2020 ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച നിരീക്ഷണവും വിവാദത്തിലായിരുന്നു.
ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 74 വയസ്സുകാരനായ, ശാരീരികപരിമിതിയുള്ള പുരുഷൻ പരാതിക്കാരിയെ ബലമായി ഉപദ്രവിച്ചെന്നു വിശ്വസിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിനിടെ, കോടതി വിധിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രംഗത്തെത്തി. കോടതിയുടെ പരാമർശം അപലപനീയമാണ്. ഈ ഉത്തരവുണ്ടാക്കുന്ന ദൂരവ്യാപകഫലം കോടതി കണ്ടില്ലെന്നും രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ഉത്തരവിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates